മാവേലിക്കര: നഗരസഭാ പരിധിയിൽ യാത്രക്കാർക്ക് ഭീഷണി ഉയർത്തി തെരുവുനായ്ക്കൾ വിലസുന്നു. പുതിയകാവ് മാർക്കറ്റ് ജംഗ്ഷൻ, തഴക്കര ജില്ലാ ആശുപത്രി ജംഗ്ഷൻ, കരയാംവട്ടം, തഴക്കര, പ്രായിക്കര, നടയ്ക്കാവ്, മിച്ചൽ ജംഗ്ഷൻ, കണ്ടിയൂർ, പുന്നംമൂട് ഭാഗങ്ങളിലാണ് തെരുവുനായ ശല്യം വർദ്ധിച്ചത് . തെരുവ് നായയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം മാഞ്ഞാടി ഭാഗത്ത് കാൽനടയാത്രക്കാരന് നേരേ തെരുവുനായയുടെ ആക്രമണം ഉണ്ടായി. നാട്ടുകാരുടെ സഹായം ലഭിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. പുതിയകാവ് റീത്തു പള്ളി ജംഗ്ഷനിലും പുതിയകാവ് ജംഗ്ഷനിലും തെരുവുനായയുടെ ശല്യം രൂക്ഷമാണ്. സംസ്ഥാന പാതയിൽ പോലും വാഹന ഗതാഗതം സ്തംഭിപ്പിക്കുന്ന തരത്തിലാണ് നായക്കളുടെ കടിപിടി. നഗരത്തിലെ മിക്ക റോഡുകളിലും ഇതു തന്നെയാണ് അവസ്ഥ. തെരുവ് നായ വിഷയത്തിൽ അധികൃതർ അടിയന്തിര ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.