തുറവൂർ:കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ആസ്തി വികസന പദ്ധതി അട്ടിമറിക്കുന്നതായി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാനകളും, നടപ്പാതകളും, റോഡുകളും നിർമ്മിക്കുന്ന അവസരത്തിൽ അതിനാവശ്യമായ സാധനസാമഗ്രികൾ നൽകുന്ന കരാറുകാരുടെ ബില്ലിൽ നിന്ന് അകാരണമായി 50% വരെ തുക വെട്ടിക്കുറയ്ക്കുന്നു. എൻ.ഡി.എ.അംഗങ്ങളുടെ വാർഡുകളിലെ പദ്ധതികളിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതു മൂലം കരാറുകാർ ജോലികൾ ഏറ്റെടുക്കാത്തതിനാൽ വികസന പദ്ധതികൾ മുടങ്ങുകയാണ്. പ്രശ്നം പല തവണ പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ല. ഉന്നതാധികാരികൾക്ക് നിവേദനം നൽകിയതായും നടപടിയുണ്ടായില്ലെങ്കിൽ 20 മുതൽ പഞ്ചായത്തിനു മുന്നിൽ നിരാഹാരം ഉൾപ്പെടെ പ്രത്യക്ഷ സമരം നടത്തുമെന്ന് എൻ.ഡി.എ അംഗങ്ങളായ കെ.കെ സജീവൻ, ,ആർ.ഹരീഷ് ,ബി വിപിൻ, ബി.ജെ.പി.നേതാക്കളായ വി. ആർ.ബൈജു, ആർ.ബിജു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.