
 കലാകാരൻമാർക്ക് വിജയദശമി വരുമാന നഷ്ടത്തിന്റേത്
ആലപ്പുഴ: കൊവിഡ് അപശ്രുതിയായതോടെ ഈ വിജയദശമി ദിനം കലാപരിശീലകർക്ക് നിരാശാദിനമാകും.
മറ്റു മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകുമ്പോഴും കലാമേഖല പ്രതിസന്ധിയിലാണ്.
എല്ലാ വർഷവും വിജയദശമിയോടനുബന്ധിച്ച് ജില്ലയിൽ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ പത്ത് ദിവസങ്ങളിലായി സംഗീത, നൃത്തോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവിധ കലാ പരിശീലനത്തിന് തുടക്കം കുറിച്ചിരുന്നതും വിജയദശമി നാളിലാണ്. ഈ ദിവസം നൃത്തപഠന തുടക്കത്തിന്റെ ഭാഗമായി അദ്ധ്യാപകർക്ക് 15,000-30,000 രൂപ വരെ ദക്ഷിണയായി ലഭിച്ചിരുന്നു. പക്ഷേ, കൊവിഡിന്റെ പശ്ചാത്തലത്തിൽ മേഖല പൂർണമായും നിശ്ചലാവസ്ഥയിലായി. വിദ്യാഭ്യാസ മേഖലയിലെ കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഓൺലൈൻ ക്ലാസുകളുണ്ടെങ്കിലും കലാപരിശീലനത്തിൽ ഇത് പ്രായോഗികമല്ല.
കലാ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോത്സവം, കേരളോത്സവം തുടങ്ങി കലാകാരൻമാരുടെ സർഗവാസന പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്താൻ സാധിക്കാത്തതിനാൽ കലാകാരൻമാർ കടുത്ത സമ്മർദ്ദത്തിലാണ്. കലാ പരിശീലനം നിലച്ചതോടെ അനുബന്ധമായി പ്രവർത്തിക്കുന്ന കലാകാരൻമാരും പ്രതിസന്ധിയിലായി. കെട്ടിട വാടക, വൈദ്യുതി, വെള്ളം, മറ്റ് ചെലവുകൾ ഉൾപ്പെടെ വൻ കെണിയിലാണ് ഇവരിൽ പലരും.
......................
ആദ്യമായാണ് കലാകാര മേഖല ഇങ്ങനൊരു പ്രതിസന്ധി നേരിടുന്നത്. ഏത് വിദ്യയാണെങ്കിലും വിജയദശമി ദിനത്തിൽ തുടക്കം കുറിക്കുന്നത് കൂടുതൽ ഉത്തമം. ചിട്ടയായി പഠനം അഭ്യസിപ്പിക്കുന്ന കലാകാരൻമാർ ഒാൺലൈൻ പഠനരീതിയോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല
(ഗിരിജ, നൃത്ത അദ്ധ്യാപിക,സ്വാതി തിരുനാൾ കലാക്ഷേത്രം, അമ്പലപ്പുഴ)