
ഒരാൾക്ക് തലയിലേറ്റാവുന്ന പരമാവധി ഭാരം 55 കിലോയാക്കി സർക്കാർ
ആലപ്പുഴ: തൊഴിലിടങ്ങളിൽ ഒരു ചുമട്ടുതൊഴിലാളിക്ക് തലയിലേറ്റാവുന്ന പരമാവധി ഭാരം 55 കിലോയെന്ന് നിജപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം, നോക്കുകൂലിക്കേസിൽ ഇടഞ്ഞു നിൽക്കുന്ന തൊഴിലാളികളെ പ്രീതിപ്പെടുത്താനാണെന്ന ആരോപണവുമായി സംഘടനകൾ രംഗത്ത്. ചാക്കിലെത്തുന്ന പച്ചക്കറി ഒഴികെയുള്ള സാധനങ്ങളുടെ പരമാവധി ഭാരം സുപ്രീംകോടതി വിധിയെത്തുടർന്ന് നിലവിൽ 50 കിലോയാണ്. ഫർണിച്ചർ തുടങ്ങി മറ്റു സാധനങ്ങളുടെ കാര്യത്തിൽ മാത്രമേ സർക്കാർ തീരുമാനം തൊഴിലാളികൾക്ക് അനുഗുണമാവൂ എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
55 കിലോയിൽ കൂടുതലുള്ള സാധനങ്ങൾ രണ്ടു തൊഴിലാളികൾ ചേർന്ന് ഇറക്കുകയോ കയറ്റുകയോ ചെയ്യാം. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി പരമാവധി ഭാരം 55 കിലോയാക്കിയിട്ടുണ്ടെന്ന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അധികൃതർ പറയുന്നു. ഭാരത്തിൽ ചട്ടമേർപ്പെടുത്തുന്നതിന് പകരം ഏകീകൃത കൂലി നടപ്പിലാക്കിയാൽ ചുമടിറക്കുമായി ബന്ധപ്പെട്ട് സ്ഥിരമായി ഉയരുന്ന തർക്കങ്ങൾക്ക് പരിഹാരമാകുമെന്നാണ് യൂണിയൻ നേതാക്കളുടെ പക്ഷം. ജില്ലാ അടിസ്ഥാനത്തിലോ, താലൂക്ക് അടിസ്ഥാനത്തിലോ പോലും ഏകീകൃത കൂലി നിലവിലില്ല. അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന കൂലി സമ്പ്രദായമനുസരിച്ചാണ് നിലവിൽ ചുമട് കയറ്റിയിറക്കുന്നത്. ഭാരത്തിന്റെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കൂലി ചൊല്ലിയുള്ള വാക്കേറ്റങ്ങൾ പതിവാണ്.
നിലവിൽ പച്ചക്കറി മാത്രമാണ് 50 കിലോയിലധികമുള്ളചാക്കിലെത്തുന്നത്. ഭാരമുള്ളവ വന്നാൽ രണ്ടോ അതിലധികം പേരോ ചേർന്ന് ഇറക്കുന്നതാണ് പതിവ്. ചുമട് ഭാരത്തിൽ നിയന്ത്രണങ്ങൾ വന്നാൽ യന്ത്രങ്ങളുടെ കടന്നുകയറ്റ സാദ്ധ്യത തള്ളിക്കളയാനാവില്ല
ജില്ലാ ലേബർ ഓഫീസർ
സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ 75 കിലോയിലധികമുള്ള ചാക്കുകൾ ഇപ്പോൾ വരാറില്ല. സർക്കാരിന്റെ പുതിയ തീരുമാനം കൊണ്ട് തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ നേട്ടമൊന്നുമില്ല. കണ്ണിൽപ്പൊടിയിടാനുള്ള ഇത്തരം തന്ത്രങ്ങൾക്ക് പകരം ഏകീകരിച്ച കൂലി നടപ്പിലാക്കിയാൽ സ്ഥിരമായുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാം. ഇത് ഉടമസ്ഥർക്കും തൊഴിലാളികൾക്കും ഒരുപോലെ ഗുണമാകും
വി.ജെ.ആന്റണി, ജനറൽ സെക്രട്ടറി, പൊതുമരാമത്ത് ലാൻഡിംഗ് ആൻഡ് ലോഡിംഗ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
..............................
മന്ത്രിസഭാ തീരുമാനം
പുരുഷൻമാർക്ക് പരമാവധി ചുമട് ഭാരം: 55 കിലോ
സ്ത്രീകൾക്കും കൗമാരക്കാർക്കും: 35 കിലോ
......................