
 മീൻപിടിച്ച് പരിശീലനംനൽകി ന്യൂജെൻ ചൂണ്ടക്കട
ആലപ്പുഴ: ചൂണ്ടയും കോലും കുളത്തിൽ മീനുമുണ്ടെങ്കിൽ മീൻപിടിത്തം സിംപിൾ- എന്നു പറയാൻ വരട്ടെ. അതിനായി പുറപ്പെടുന്നവർക്ക് ചെറിയൊരു മീനിനെ പോലും കൊളുത്താൻ കഴിഞ്ഞില്ലെങ്കിലോ? 'സാങ്കേതിക' വിഷയം ആണോ അത്, പരിഹാരമുണ്ടോ?
സംശയവും പഠിക്കാനാഗ്രഹവും ഉള്ളവർക്ക് ഇരുമ്പുപാലത്തിനടുത്തുള്ള 'ഫിഷിംഗ് പോയിന്റ് ചൂണ്ടക്കട'യിലെത്താം. ചൂണ്ടയിടൽ പഠിക്കാം; സൗജന്യമായി. ആലപ്പുഴ ലജനത്ത് വാർഡ് സൈനബ മൻസിലിൽ എം.സഫീറ (29), ഭർത്താവ് അഫ്നാസ് (പപ്പൻ) എന്നിവരാണ് ന്യൂജെൻ ചൂണ്ടക്കടയും പരിശീലനവുമായി രംഗത്തുള്ളത്. ലാഭമല്ല ലക്ഷ്യം. സഫീറയ്ക്ക് കുട്ടിക്കാലം മുതൽ ഹോബിയാണ് ചൂണ്ടയിടൽ. മെഡിക്കൽ റെപ്പാണ് അഫ്നാസ്. ന്യൂജെൻ രീതിയിലുള്ള ചൂണ്ട പ്രയോഗത്തിൽ കേമനാണ്. രണ്ടു മാസം മുമ്പാണ് 'ചൂണ്ടക്കട' എന്ന ആശയം ദമ്പതികളുടെ തലയിലുദിച്ചത്. ചൂണ്ടക്കടകൾ ധാരാളമുണ്ടെങ്കിലും പരിശീലനം എങ്ങുമില്ല. ബലമുള്ള മുളക്കമ്പിൽ പ്ളാസ്റ്റിക്ക് നൂലുകെട്ടി ചൂണ്ട ഉണ്ടാക്കിയിരുന്ന രീതിയൊക്കെ മാറി. വിപണിയിൽ 'ചൂണ്ടക്കോലി'ന് 1,000 മുതൽ 25,000 രൂപവരെ വിലയുണ്ട്. പ്രതിമാസം 100 ചൂണ്ടയിലേറെ വിറ്റുപോവും ഇവിടെ.
ചൂണ്ട വേണ്ടവിധം പ്രയോഗിച്ചില്ലെങ്കിൽ മീൻ അതിന്റെ പാട്ടിനുപോകും. അതു മനസിലാക്കിയാണ് പരിശീലനം കൂടി നൽകുന്നത്. അടുത്തുതന്നെയുള്ള കനാലിലാണ് മീൻ പിടിച്ചു കാണിച്ചുകൊടുക്കുന്നത്. പരിശീലനം കിട്ടാൻ അവിടെനിന്നുതന്നെ ചൂണ്ട വാങ്ങണമെന്നുമില്ല.
കടയിലെ സ്റ്റാഫ് ഉണ്ണിയാണ് പരിശീലകൻ. മെഷീൻ ചൂണ്ട എറിയാൻ അറിയാത്തവർ ഉപയോഗിച്ചാൽ മുകൾ ഭാഗം പൊട്ടാൻ സാദ്ധ്യതയുണ്ട്. ട്രെയിനിംഗ് കഴിഞ്ഞ് ഇറങ്ങുന്നവരുടെയും സ്ഥിരം കസ്റ്റമേഴ്സിന്റെയും ചിത്രങ്ങൾ കടയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വനിതകൾ വരെ പരിശീലനത്തിലുണ്ട്. ഇവർക്കായി വനിത ആൻഗ്ലേഴ്സ്, യങ്ങ് ആൻഗ്ലേഴ്സ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളും സജീവമാണ്. മീൻപിടിത്ത ട്രിക്കുകളുടെ യു ട്യൂബ്, ഫേസ്ബുക്ക് വീഡിയോകൾ ഇതുവഴി ലഭ്യമാകും. മക്കളായ സൈന നസ്റീനും സയാൻ യാമിറും ഇവർക്കൊപ്പമുണ്ട്.
..................
''കുട്ടിക്കളിയല്ല ഇപ്പോൾ ചൂണ്ടയിടൽ. പരമ്പരാഗത രീതിയൊക്കെ മാറി. ഗോവയിൽ നിന്നൊക്കെയാണ് ആധുനിക ചൂണ്ട എത്തിക്കുന്നത്. ചൂണ്ടയിട്ട് മീൻപിടിക്കുന്നത് പലർക്കും ഹോബിയാണ്.
(എം.സഫീറ, ഫിഷിംഗ് പോയിന്റ് ചൂണ്ടക്കട,സംരംഭക)