
ആലപ്പുഴ: ടൂറിസം മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എ.സി അതിവേഗ ബോട്ടുകൾ വീണ്ടുമെത്തുന്നു. കൊവിഡിനെത്തുടർന്ന് നിറുത്തിവച്ച ബോട്ട് സർവീസുകൾ രണ്ടാഴ്ച്ചയ്ക്കുളളിൽ പഴയപടി സർവീസ് പുനരാരംഭിക്കും. ഇതോടെ പുതിയ ഉണർവിലേയ്ക്ക് ടൂറിസം മേഖല എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജില്ലയിൽ ആലപ്പുഴ -കോട്ടയം റൂട്ടിലാണ് ജലഗതാഗത വകുപ്പിന്റെ എ.സി ബോട്ടുകളുള്ളത്. വിനോദസഞ്ചാരികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് പുനരാരംഭിക്കുക.ഒരു ബോട്ടിൽ 120 പേർക്ക് യാത്ര ചെയ്യാം. ഈ വർഷമാണ് ആലപ്പുഴയിൽ ആരംഭിച്ചത്. ബസിലേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാനാകും എന്നതാണ് എ സി ബോട്ടുകളുടെ പ്രത്യേകത. 40 സീറ്റുകൾ എസിയും 80 എണ്ണം നോൺ എ.സിയുമാണ്. ആലപ്പുഴ കോട്ടയം റൂട്ടിൽ എ.സി യാത്രക്കാർക്ക് 100 രൂപയും നോൺ എസിക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണ ബോട്ടുകൾ മണിക്കൂറിൽ 13-14 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ എ.സി ബോട്ടുകൾ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. കോട്ടയത്ത് നിന്ന് രാവിലെ 7.30 ന് പുറപ്പെട്ട് 9.30 ന് ആലപ്പുഴയിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.30 ന് ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് കോട്ടയത്ത് 7.30നും എത്തുന്ന തരത്തിലുമാണ് പാസഞ്ചർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് റോഡിലെ ഗതാഗത തടസങ്ങളിൽപ്പെടാതെ കുറഞ്ഞ സമയംകൊണ്ട് ആലപ്പുഴയിൽ എത്താനാകും. ആലപ്പുഴയിലെ ബോട്ടിൽ കുടുംബശ്രീയുടെ സഹായത്തോടെ ഒരു ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ കുമരകം ടിക്കറ്റ് നിരക്ക് എസിക്ക് 300 രൂപയും നോൺ എസിക്ക് 200 രൂപയുമാണ് .ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ഒരു ബോട്ടിൽ രണ്ട് ലാസ്‌കർ, എൻജിൻ ഡ്രൈവർ, സ്രാങ്ക്, ടെക്‌നിക്കൽ സ്റ്റാഫ് തുടങ്ങി അഞ്ച് ജീവനക്കാരുണ്ട്.
ട്രിപ്പുകൾ
ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിൽ പുഞ്ചിരി, മംഗലശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഉള്ള പാസഞ്ചർ സർവീസുകൾക്കിടയിലെ സമയം ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് വഴി ഉച്ചയ്ക്ക് കുമരകം പക്ഷി സങ്കേതത്തിൽ എത്തി മടങ്ങുന്ന തരത്തിൽ രണ്ട് ട്രിപ്പുകളായിട്ടാണ് വിനോദ സഞ്ചാരികൾക്കുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാതിരാമണൽ, കുമരകം, പക്ഷി സങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്.
കുട്ടനാടിനെ കാണാം
എ.സി ബോട്ടിന്റെ സർവീസ് ആരംഭിച്ചില്ലെങ്കിലും സീ കുട്ടനാടിന്റെ സർവീസ് ആരംഭിച്ചിട്ടുണ്ട്. കുട്ടനാടിന്റെ ഉൾക്കാഴ്ചകൾ കാണുവാൻ ടൂറിസ്റ്റുകൾ കൂടുതൽ ആശ്രയിക്കുന്നത് സീ കുട്ടനാടിനെയാണ്. 90 രൂപ നിരക്കിൽ നോൺ എ.സി സൗകര്യമാണ് യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്.
'' ടൂറിസം മേഖലയ്ക്ക് ഇളവ് പ്രഖ്യാപിച്ചതോടെ എ.സി സർവീസ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.രണ്ടാഴ്ചയ്ക്കുള്ളിൽ സർവീസ് തുടങ്ങും. സീ കുട്ടനാട് സർവീസ് ആരംഭിച്ചുകഴിഞ്ഞു."
(ഷാജി.വി.നായർ,ജലഗതാഗതവകുപ്പ് ഡയറക്ടർ)