s

 ഹൗസ്ബോട്ട് സർവ്വീസ് 18ന് പുനരാരംഭിക്കും

ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 18 മുതൽ ഹൗസ് ബോട്ട് സർവ്വീസ് നടത്താൻ കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്ത ശേഷം മാത്രമേ വിനോദസഞ്ചാരികൾ ബോട്ടിലേക്കെത്താൻ പാടുള്ളൂ.

പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നീ രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാവും ഹൗസ് ബോട്ടുകളുടെ പ്രവർത്തനം. ഒരു ബോട്ടിൽ പരമാവധി പത്ത് പേർക്ക് മാത്രമാണ് യാത്രാനുമതി. ഒരു മുറിയിൽ രണ്ട് പേർക്ക് താമസിക്കാം. രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനുമിടയ്ക്ക് ബോട്ടുകളിലെ ചെക്കിൻ, ചെക്കൗട്ട് എന്നിവ നടത്തണം. ഒരോ യാത്രയ്ക്ക് ശേഷവും ബോട്ടുകൾ അണുവിമുക്തമാക്കണം. വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിച്ച് ലഗേജ് ഉൾപ്പടെ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ബോട്ടിലേക്ക് പ്രവേശനം നൽകൂ. ബോട്ടുകളിൽ കൊവിഡ് ജാഗ്രത ക്യൂ.ആർ കോഡ് പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകി.

ബോട്ടിലെ ജീവനക്കാർ വിനോദസഞ്ചാരികളുമായി സമ്പർക്കത്തിലേർപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. യാത്രക്കാർ ഡ്രൈവറുടെ സമീപത്തേക്ക് എത്താതിരിക്കാൻ പ്രത്യേകം വേർതിരിക്കാനും നിർദ്ദേശം നൽകി. വിനോദസഞ്ചാരികൾക്കുള്ള വില്ലേജ് വാക്ക് ഉൾപ്പടെയുള്ളവ പാടില്ല. ബ്രേക്ക് ദി ചെയിൻ ബാനറുകളും സ്ഥാപിക്കണം.

 മാർഗ്ഗരേഖ തയ്യാറാക്കും

ഹൗസ് ബോട്ടുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കാൻ ടൂറിസം ഉപഡയറക്ടറെ കളക്ടർ ചുമതലപ്പെടുത്തി. യോഗത്തിൽ പറഞ്ഞ നിർദ്ദേശങ്ങൾ ഹൗസ് ബോട്ടുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ടൂറിസം അധകൃതർ ഉറപ്പാക്കണം. ഇത് വിലയിരുത്താൻ പ്രത്യേക സക്വാഡിനെയും കളക്ടർ നിയോഗിക്കും.

യോഗത്തിൽ ടൂറിസം വകുപ്പ് ഉപഡയറക്ടർ അഭിലാഷ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ‌ എന്നിവർ പങ്കെടുത്തു