
 വാട്ടർ ടാക്സി, കാറ്റാമറൈൻ ബോട്ടുകൾ നീറ്റിലിറങ്ങി
ആലപ്പുഴ: ജലഗതാഗതവകുപ്പ് ആദ്യമായി നീറ്റിലിറക്കിയ വാട്ടർ ടാക്‌സിയുടെയും 100 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള കാറ്റാമറൈൻ ബോട്ട് സർവീസിന്റെയും ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
റോഡ് ഗതാഗതത്തിലെ ടാക്‌സി സംവിധാനത്തിന് സമാനമായി ജലഗതാഗത മേഖലയിൽ വകുപ്പ് ആരംഭിക്കുന്ന പുതിയ സംരംഭമാണ് വാട്ടർ ടാക്‌സി. ജലഗതാഗത മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ചെലവുകുറഞ്ഞതും ഏറ്റവും സുരക്ഷിതവും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതുമാണ് കാറ്റാമറൈൻ ബോട്ടുകളെന്ന് മുഖ്യമന്ത്റി പറഞ്ഞു. ഈ പദ്ധതികൾ ജലയാനങ്ങളുടെ നാടായ ആലപ്പുഴയിൽ തന്നെ ആരംഭിക്കുന്നതിൽ വലിയ ഔചിത്യഭംഗിയുണ്ട്. 3.14 കോടി ചെലവിട്ടാണ് 4 വാട്ടർ ടാക്‌സികൾ പുറത്തിറക്കുന്നത്. 14 കോടിയോളം ചെലവിട്ട് ഏഴ് കാറ്റാമറൈൻ ബോട്ടുകൾ ആണ് നിർമിക്കുന്നതെന്നും മുഖ്യമന്ത്റി പറഞ്ഞു.
ജലഗതാഗത വകുപ്പ് മന്ത്റി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്റി ടി.എം.തോമസ് ഐസക്, എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കളക്ടർ എ.അലക്‌സാണ്ടർ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, വാർഡ് കൗൺസിലർ റാണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.