
ആലപ്പുഴ: കുതിരവട്ടം പപ്പു ഹിറ്റാക്കിയ 'ആ ചേറിയേ സ്‌പാനർ" മുതൽ 42 നട്ടുകളഴിക്കാവുന്ന ആധുനിക സ്‌പാനർ വരെയുള്ളവയുടെ വലിയ കൂട്ടം, കരുവാറ്റ പുത്തൻപറമ്പ് വീട്ടിലെ പൊതുപ്രവർത്തകനായ കെ.ആർ. രാജന്റെ വിനോദ ലോകം ഇവിടെ തുടങ്ങുന്നു. വീടിന് സമീപത്തെ മുറിയിൽ അട്ടിയിട്ടിരിക്കുന്ന ആ വിനോദം നാട്ടുകാർക്കും അദ്ഭുത ലോകമാണ്. മെക്കാനിക്കൽ ജോലിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും പുതിയ മോഡൽ സാമഗ്രികൾ എവിടെക്കണ്ടാലും രാജൻ വാങ്ങും, മോഹ വിലയാണെങ്കിലും പ്രശ്നമല്ല.
കോൺഗ്രസുകാരനായ കെ.ആർ. രാജൻ (60) കരുവാറ്റ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് ജനപ്രതിനിധിയാണ്. 25 വയസു മുതൽ പ്രവാസിയായിരുന്ന രാജൻ പാചകവാതക കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. എട്ടുവർഷം മുമ്പ് നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് രാഷ്ട്രീയത്തിലിറങ്ങി.
 തുടക്കം ഗൾഫിൽ
ഗൾഫ് ജോലിയിൽ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയതോടെയാണ് ഉപകരണ ശേഖരണം ആരംഭിച്ചത്. ആദ്യശമ്പളത്തിൽ നിന്ന് ഏതാനും സ്‌പാനറുകൾ വാങ്ങിയായിരുന്നു തുടക്കം. പിന്നീടാണ് വീട്ടിലേക്ക് പണമയച്ചത്. പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തിയപ്പോൾ ഒരു പെട്ടി നിറയെ ഉപകരണങ്ങളായിരുന്നെന്ന് ഭാര്യ പുഷ്പലത പറയുന്നു.
 രണ്ടു ലക്ഷത്തിന്റെ ശേഖരണം
രാജന്റെ ശേഖരണത്തിനെല്ലാം കൂടി രണ്ടുലക്ഷം രൂപയെങ്കിലും മൂല്യമുണ്ട്. ആമസോണിലൂടെ വാങ്ങിയ പുതിയവയടക്കം മൂവായിരത്തോളം ഉപകരണങ്ങളുണ്ട്. എല്ലാദിവസവും വൈകിട്ട് ഒരു മണിക്കൂർ ആമസോണിൽ പുതിയ ഉപകരണങ്ങൾ തെരയാറുണ്ട്. വസ്ത്രത്തിന്റെ ചുളിവ് മാറ്റുന്ന സ്റ്റീമർ, ചെറിയ വസ്‌തുക്കൾ പോലും ഗ്രൈൻഡും പോളിഷും ചെയ്യാനുള്ള മിനി ടൂൾ ബോക്സ് എന്നിവയാണ് ഒടുവിൽ സ്വന്തമാക്കിയത്. നൂറ് കണക്കിന് സ്ക്രൂ ഡ്രൈവർ, സ്‌പാനറുകൾ, ഇലക്ട്രിക് സ്ക്രൂ ഡ്രൈവർ, ബെഞ്ച് ഗ്രൈൻഡർ, ഹാൻഡ് കട്ടർ, ജിഗ്സോ, ഗ്ലൂ ഗൺ, ഡ്രില്ലിംഗ് മെഷീൻ തുടങ്ങി നാട്ടിലെ മെക്കാനിക്കുകൾ കണ്ടിട്ടില്ലാത്ത ഉപകരണങ്ങൾ വരെ രാജന്റെ ശേഖരത്തിലുണ്ട്. അയൽവാസികൾ ആരെങ്കിലും അത്യാവശ്യത്തിന് ചോദിച്ചാൽ ഏതുപകരണവും കൊടുക്കും. പക്ഷേ ഒരു നിബന്ധന മാത്രം, കേടാക്കരുത്.
മകൻ ശ്രീരാജ് സൗദി അറേബ്യയിൽ മെക്കാനിക്കൽ എൻജിനിയറാണ്. കർഷക കോൺഗ്രസ്, ഗുരുധർമ്മ പ്രചാരണ സഭ, ശ്രീനാരായണ ധർമ്മസംഘം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകനാണ് കെ.ആർ.രാജൻ.
'ചെറുപ്പം മുതൽ ഇത്തരം ഉപകരണങ്ങളോട് വല്ലാത്ത താത്പര്യമായിരുന്നു. പക്ഷേ മെക്കാനിക്കൽ രംഗത്ത് പഠനം നടത്താൻ അവസരം ലഭിച്ചില്ല. ആദ്യവരുമാനം മുതൽ ഉപകരണങ്ങൾ സ്വന്തമാക്കിത്തുടങ്ങി. എല്ലാ ഉപകരണങ്ങളും വിവിധ സാഹചര്യത്തിൽ വീട്ടിൽ ആവശ്യമായി വരുന്നവയാണ്. വാങ്ങിയിട്ട് ഉപയോഗമില്ലാത്തതായി ഒന്നും വന്നിട്ടില്ല".
- കെ.ആർ. രാജൻ