ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളിലായി അറുന്നൂറോളം പുതിയ തെരുവ് വിളക്കുകൾ തെളിക്കുന്ന ചടങ്ങോടെ ഭരണസമിതിയുടെ വൈവിദ്ധ്യമാർന്ന വികസന പരിപാടികൾക്ക് കലാശക്കൊട്ടാകും.
23 വാർഡുകളിലായി 15 കിലോമീറ്ററോളം പുതിയ സ്ട്രീറ്റ്ലൈനുകൾ വലിച്ച് തെരുവ് വിളക്ക് ഇടാൻ ഉപയുക്തമാക്കുന്നതിന്റെ സമർപ്പണവും തൊഴിലുറപ്പ് പദ്ധതിയിൽ ടെൻഡർ ചെയ്യപ്പെട്ട അഞ്ച് കോടിയുടെ 140 പ്രവൃത്തികളുടെ നിർമ്മണോദ്ഘാടനവും നടത്തും. 19-ാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ 12 റോഡുകളുടെ ഉദ്ഘാടനം, 10, 17 വാർഡുകളിലായി 29 ലക്ഷം രൂപയുടെ രണ്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം, മുണ്ടുചിറയ്ക്കൽ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പുനർനിർമ്മാണം, വലിയകരിച്ചിറ പാലത്തിന്റെ നിർമ്മാണം, ആറാം വാർഡിൽ പുനർ നിർമ്മിച്ച വായനശാലുടേയും സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റേയും സ്ത്രീ സൗഹൃദ വിശ്രമമുറിയുടേയും ശൗചാലയത്തിന്റെയും ഉദ്ഘാടനം, 12-ാം വാർഡിൽ ഓപ്പൺഎയർ സ്റ്റേഡിത്തിന്റെയും ബി.ആർ.സി കെട്ടിടത്തിന്റെയും ഉദ്ഘാടനം,13-ാം വാർഡിൽ നിർമ്മാണം പൂർത്തിയായ വനിത വർക്ക്‌ഷെഡ്ഡിന്റെയും ഏഴാം വാർഡിൽ വിവിധ റോഡുകളുടേയും കാനകളുടേയും സമർപ്പണം, മൂന്നാം വാർഡിൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെയും 11-ാം വാർഡിൽ കംഫർട്ട് സ്റ്റേഷന്റെയും,16ൽ അഗതി ആശ്രയ വീടിന്റെയും നിർമ്മാണ ഉദ്ഘാടനം, 18-ാം വാർഡിൽ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം, 9-ാം വാർഡിൽ പകൽ വീടിന്റെ നിർമ്മാണ ഉദ്ഘാടനം തുടങ്ങി 50ന് മേൽ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചിട്ടുളളത്. ഇന്ന് തണ്ണീർമുക്കത്ത് നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 2.30 ന് അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും.