mask-bottle-booth

ആലപ്പുഴ: കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും ഉപയോഗിച്ച മാസ്ക് പൊതുനിരത്തിൽ വലിച്ചെറിയുന്നവർക്ക് കുറവില്ല. കഴുകി വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്ക്കുകൾ വീടുകളിലും തലവേദനയാണ്. ഇതിന് പരിഹാരമായി പുത്തൻ ആശയം ആവിഷ്ക്കരിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ. ഉപയോഗിച്ച മാസ്ക്കും, പ്ലാസ്റ്റിക്ക് കുപ്പികളും ശേഖരിക്കാൻ ബൂത്തുകൾ സജ്ജമാക്കും. നഗരത്തിലെ ആദ്യ മാസ്ക്ക് / പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ കോടതി വളപ്പ്, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബൂത്ത് സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ 15 ബൂത്തുകളാണ് സ്ഥാപിക്കുക. പൂർണമായും സ്പോൺസർഷിപ്പിലായതിനാൽ നഗരസഭയ്ക്ക് പണച്ചെലവുണ്ടാകില്ല. ബൂത്തിന്റെ മുകൾത്തട്ടിലെ കാബിനിൽ മാസ്ക്കുകളും, താഴത്തെ കാബിനിൽ പ്ലാസ്റ്റിക്ക് കുപ്പികളും നിക്ഷേപിക്കാം. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഹരിതകർമ്മസേന പ്രവർത്തകർ ശേഖരിച്ച് റീസൈക്കിൾ ചെയ്യും. മാസ്ക്ക് കത്തിച്ച് കളയുന്നതിനായി ഉടൻ തന്നെ ഇൻസിനറേറ്റർ സ്ഥാപിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.എ.റസാഖ് പറഞ്ഞു. നഗരസഭയ്ക്ക് കീഴിലെ ഹരിതകർമ്മ സേന വിഭാഗത്തിനാണ് ബൂത്തുകളുടെ മേൽനോട്ട ചുമതല.

....................

നഗരത്തിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത് 15 ബൂത്തുകൾ

................................

കൊവിഡ് വ്യാപനം തടഞ്ഞുനിർത്തുന്നതിനുള്ള സത്വര നടപടികളാണ് നഗരസഭ കൈക്കാള്ളുന്നത്. മാസ്ക്കും, പ്ലാസ്റ്റിക്ക് ബോട്ടിലുകളും അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത അവസാനിച്ചേ മതിയാകൂ. ഇത് മുന്നിൽകണ്ടാണ് നഗരത്തിന്റെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ബൂത്തുകൾ സ്ഥാപിക്കുന്നത്.

- അഡ്വ.എ.എ.റസാഖ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ