
 പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്
ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജിനെ (ഷൈജു-39) കോയമ്പത്തൂരിൽ നിന്ന് ഹരിപ്പാട് സി.ഐ ആർ.ഫയസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ഇതോടെ മോഷണവുമായി ബന്ധപ്പെട്ട മൂന്ന് പേരും പൊലീസിന്റെ പിടിയിലായി.
കൊയമ്പത്തൂരിൽ ഒളിവിൽ താമസിച്ചിരുന്ന ഇയാൾ പൊലീസിനെ കണ്ട് കെട്ടിടത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നേരത്തെ ചോദ്യംചെയ്ത മോഷ്ടാക്കളിൽ നിന്നു ലഭിച്ച സൂചനയനുസരിച്ചാണ് കോയമ്പത്തൂരിൽ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയത്. ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇരുവരും റിമാൻഡിലാണ്. മോഷണ മുതലുകൾ കണ്ടെത്തുന്നതാണ് ഇനി പൊലീസിനുള്ള വെല്ലുവിളി.
 ധൂർത്തനല്ല, സമ്പാദിക്കും
സ്വർണ മോഷണത്തിൽ വിദഗ്ദ്ധനായ ആൽബിൻ രാജിന്റെ പ്രധാന 'പ്രവർത്തന' മേഖലകൾ കൊല്ലവും തിരുവനന്തപുരവുമാണ്. ആലപ്പുഴ ജില്ലയിലെ കുറത്തികാട് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. വാഹനമോഷണ കേസുകളിലും പ്രതിയാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ മോഷണം നടത്തി ലഭിക്കുന്നതൊന്നും ധൂർത്തടിക്കാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മോഷ്ടിച്ചു കിട്ടുന്ന പണം ഉപയോഗിച്ച് തമിഴ്നാട്ടിൽ വസ്തുക്കൾ വാങ്ങി കൂട്ടുന്നതാണ് പ്രധാന ഹോബി. നെയ്യാറ്റിൻകരയിലെ ഒരു തുണിക്കടയിലെ തുണികൾ മുഴുവൻ മോഷ്ടിച്ച് ഭാര്യയ്ക്ക് കോയമ്പത്തൂരിൽ വസ്ത്രവ്യാപാരശാല ഇട്ട് നൽകിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എവിടെ കയറിയാലും മൂല്യമുള്ളതൊന്നും ബാക്കിവയ്ക്കാതെ മുഴുവനും കാലിയാക്കി പുറത്ത് കടക്കുന്നതാണ് ഇയാളുടെ ശൈലി. കരുവാറ്റ ബാങ്കിൽ നിന്നു ലോക്കർ തൂത്തുവാരി കടന്നപ്പോൾ താഴെപോയത് മൂന്ന് മില്ലിഗ്രാമിന്റെ കമ്മൽ മാത്രമായിരുന്നു.