
ആലപ്പുഴ: സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരള മിഷൻ സ്വന്തമാക്കിയ ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങന്നൂർ നഗരസഭ, 31 പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പ്രാദേശികമായി പ്രഖ്യാപനം നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 454 ഏക്കർ സ്ഥലത്താണ് ഒരുവർഷത്തിനിടെ പച്ചത്തുരുത്ത് സ്ഥാപിച്ചത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും ബ്ലോക്ക് ഓഫീസ് പരിസരത്തും പച്ചത്തുരുത്തുകൾ സ്ഥാപിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ പച്ചത്തുരുത്ത് ബ്ലോക്കായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിനുള്ള അനുമോദന പത്രം ഓണാട്ടുകര കർഷക ക്ലബ് രക്ഷാധികാരി ജി. മധുസൂദനിൽ നിന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഏറ്റുവാങ്ങി.
ചെങ്ങന്നൂർ നഗരസഭ
ജില്ലയിലെ ആദ്യമായി സമ്പൂർണ്ണ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കിയ നഗരസഭയെന്ന ബഹുമതി ചെങ്ങന്നൂർ നഗരസഭയ്ക്ക്. ഇടനാട് കള്ളാലിപ്പാറയിൽ നടന്ന ചടങ്ങിൽ അനുമോദന പത്രം ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അനുപമയിൽ നിന്നു നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൺ വത്സമ്മ എബ്രഹാം, വാർഡ് കൗൺസിലർ പി.ആർ പ്രദീപ് കുമാർ, സാലി ജെയിംസ്, ബെറ്റ്സി തോമസ്, ദേവി പ്രസാദ്, നഗരസഭ സൂപ്രണ്ട് എസ്. ധന്യ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ജലജ റാണി, രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വയലാർ ഗ്രാമപഞ്ചായത്ത്
ജില്ലയിലെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്താണ് വയലാർ. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പച്ചത്തുരുത്ത് സ്ഥാപിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അനുമോദന പത്രം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ബാബു ഏറ്റുവാങ്ങി.