s

ആലപ്പുഴ : കുട്ടികൾ സ്കൂളിലെത്തി പഠിക്കുന്ന കാലം അനിശ്ചിതമായി നീളുമ്പോൾ ജീവിതം തള്ളിനീക്കാൻ പാടുപെടുകയാണ് സ്കൂൾ ബസ് ഡ്രൈവർമാർ. മാർച്ച് 11നായിരുന്നു അവസാന സ്കൂൾ ഓട്ടം. പിന്നീടുള്ള മാസങ്ങൾ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ, പലരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറി. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഓടിയും മത്സ്യം - പച്ചക്കറി കച്ചവടം നടത്തിയും മാസ്ക്ക് വിറ്റുമൊക്കെയാണ് ഇവരിൽ പലരും അന്നന്നത്തെ അന്നത്തിന് വകതേടുന്നത്. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ സ്കൂളുകളിലായി നൂറുകണക്കിന് ഡ്രൈവർമാരാണുള്ളത്. ഭൂരിഭാഗം പേരും 50 വയസ് പിന്നിട്ടവരാണ്. പ്രവൃത്തി ദിനങ്ങളിൽ നാല് ട്രിപ്പ് ഓട്ടമുള്ളതിനാൽ പലരും മറ്റ് ജോലികൾ നോക്കിയിരുന്നില്ല. വീടിന് സമീപത്തെ സ്കൂളിൽ ജോലിയുള്ളവർ മാത്രം ഇടനേരങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കാനും, കടകളിൽ സെയിൽസ്മാനായും ജോലിക്കു പോയിരുന്നു. വേനലവധിക്കാലത്ത് വിരലിലെണ്ണാവുന്ന സ്കൂളുകൾ മാത്രമാണ് ഡ്രൈവർമാർക്ക് ശമ്പളം നൽകിയിരുന്നത്. കൊവിഡ് ഭീതിയിൽ ലോക്ക്ഡൗൺ വന്നതോടെ ഭൂരിഭാഗം സ്കൂളുകളും ഡ്രൈവർമാരെ കൈയൊഴിഞ്ഞു. മികച്ച മാനേജ്മെന്റ് സ്കൂളുകളിൽ ഡ്രൈവർമാർക്ക് ഇരുപതിനായിരം രൂപയോളം ശമ്പളം നൽകുന്നുണ്ട്. എന്നാൽ 95 ശതമാനം വിദ്യാലയങ്ങളിലും 7000 - 8500 രൂപ നിരക്കിലാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരക്കാരനെ ഡ്രൈവർ തന്നെ കണ്ടെത്തി നൽകണം. അയാൾക്കുള്ള വേതനം സ്വന്തം പോക്കറ്റിൽ നിന്ന് നൽകുകയും വേണം. സർക്കാർ സ്കൂളുകളിൽ ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം നൽകുന്നതും സ്കൂൾ മാനേജ്മെന്റോ പി.ടി.എയോ ആയിരിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സംരക്ഷണത്തിനും, സ്കൂൾ വാഹനത്തിൽ ഡ്യൂട്ടിക്കും നിയോഗിച്ചിരുന്ന ആയമാരുടെ അവസ്ഥയും പരിതാപകരമാണ്. ക്ലാസുകൾ ഓൺലൈനായി നടക്കുന്നതിനാൽ അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കും. കുട്ടികളെത്താത്ത കാലത്തോളം ഡ്രൈവർമാർക്കും ആയമാർക്കും പ്രതിസന്ധി ഒഴിയില്ല.

ഡ്രൈവർമാർക്ക് കഷ്ടകാലം

പല സ്കൂളുകളും ശമ്പളം നൽകുന്നില്ല

ചില സ്കൂളുകൾ വേതനം വെട്ടിക്കുറച്ചു

ഡ്രൈവർമാർ മറ്റ് വഴികൾ തേടുന്നു

7000 - 8500 രൂപ നിരക്കിലാണ് 95 ശതമാനം സ്കൂളുകളിലും ശമ്പളം

പ്രതിസന്ധിയിലും കൈവിടാതെ

ഓട്ടമില്ലെന്ന പേരിൽ വേനലവധിക്കാലത്ത് ശമ്പളം നിഷേധിക്കുകയും, കൊവിഡ് കാലത്ത് പൂർണമായും ഡ്രൈവർമാരെ കൈയൊഴിയുകയും ചെയ്‌ത സ്കൂളുകൾ മാത്രമല്ല ജില്ലയിലുള്ളത്. ഓണക്കാലത്ത് ഉത്സവ ആനുകൂല്യം ഉൾപ്പടെ ശമ്പളം മുടങ്ങാതെ നൽകിയ വിദ്യാലയങ്ങളുമുണ്ട്. എന്നാൽ അവയുടെ എണ്ണം വളരെ കുറവാണ്. ചെറിയ സ്കൂളുകളിൽ ഒരാളും, ധാരാളം വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ നാലോ അഞ്ചോ സ്ഥിരം ഡ്രൈവർമാരാണുള്ളത്. സ്കൂളിന്റെ നിലവാരമനുസരിച്ച് ശമ്പള നിരക്കിൽ വ്യത്യാസം വരും. 7000 - 8500 നിരക്കിലാണ് ഭൂരിഭാഗം ഡ്രൈവർമാർക്കും ശമ്പളം നിശ്ചയിച്ചിരിക്കുന്നത്

പത്ത് മാസം മുടക്കമില്ലാതെ വരുമാനം ലഭിക്കുമെന്നതായിരുന്നു ജോലിയുടെ മേന്മ. എന്നാൽ സ്കൂളുകൾ പൂട്ടിയതോടെ വരുമാനം നിലച്ചു. ഇപ്പോൾ ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഓടിയാണ് ജീവിക്കുന്നത്

- മുരളി, സ്കൂൾ ബസ് ഡ്രൈവർ