
ആശ്വാസ കിരണം പദ്ധതിയിലെ ധനസഹായം വൈകുന്നു
ആലപ്പുഴ: കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന പരിചാരകർക്കുള്ള ധനസഹായം കുടിശികയായത് ഒന്നരവർഷം. ‘ആശ്വാസ കിരണം’ പദ്ധതിയുടെ 2019 ഏപ്രിൽ വരെയുള്ള സഹായമാണ് അവസാനമായി വിതരണം ചെയ്തത്. കിട്ടുന്ന തുച്ഛമായ വേതനം 18 മാസമായി ലഭിക്കാതെ കാത്തിരിക്കുകയാണ് പദ്ധതിയുടെ ഉപഭോക്താക്കൾ.
ഈ വർഷം മാർച്ച് വരെയുള്ള ആനുകൂല്യം വിതരണം ചെയ്യാൻ അടിയന്തരമായി 103 കോടി അനുവദിക്കണമെന്ന് സാമൂഹിക നീതി വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസം 600 രൂപയാണ് നൽകുക. 1.14 ലക്ഷം അപേക്ഷകരുള്ള പദ്ധതിക്ക് പ്രതിവർഷം 85 കോടിയാണ് ആവശ്യം. എന്നാൽ 40 മുതൽ 42 കോടി വരെ മാത്രമെ സമീപ വർഷങ്ങളിൽ അനുവദിച്ചിരുന്നുള്ളു. ഇതാണ് കുടിശിക വരാൻ കാരണം.
സാമൂഹികനീതി വകുപ്പിന്റെ ആവശ്യം പരിഗണിച്ച് മൂന്ന് മാസത്തെ തുക വിതരണം ചെയ്യാൻ നടപടി ഉണ്ടാകുമെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, എന്ന് ലഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
2018 വരെയുള്ള സഹായ വിതരണത്തിന് ശേഷം ഗുണഭോക്താക്കളുടെ നിരന്തര അഭ്യർത്ഥനകളെ തുടർന്നാണ് വിവിധ ഘട്ടങ്ങളിലായി 2019 ഏപ്രിൽ വരെയുള്ള ഫണ്ട് അനുവദിച്ചത്. 2020 മാർച്ച്, ജൂലായ് മാസങ്ങളിൽ മുൻ കുടിശികകളിലെ ഏതാനും മാസത്തെ തുക നൽകി. ഗുണഭോക്താക്കൾ കൂടിയതിന് ആനുപാതികമായി വിഹിതം അനുവദിക്കാത്തതാണ് പദ്ധതി നടത്തിപ്പ് താളം തെറ്റാൻ കാരണം.
ആശ്വാസ കിരണം
ശയ്യാവലംബരായ രോഗികളെ സംരക്ഷിക്കുന്നത് മൂലം പുറം ജോലികൾക്ക് പോകാൻ നിവൃത്തിയില്ലാത്ത പരിചാരകർക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ‘ആശ്വാസ കിരണം’. അർബുദം, പക്ഷാഘാതം തുടങ്ങി മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്ര മാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവ ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
.......................
600
പരിചാരകർക്കുള്ള പ്രതിമാസം 600 രൂപയാണ് നൽകുന്നത്
...............
1.14
1.14 ലക്ഷം അപേക്ഷകരാണ് പദ്ധതിക്ക് ആകെയുള്ളത്
.................
പ്രതിവർഷം ‘ആശ്വാസ കിരണം’ പദ്ധതിക്ക് വേണ്ടത് 85 കോടിയാണ്
.....................
സാമൂഹികനീതി വകുപ്പിന്റെ ആവശ്യം പരിഗണിച്ച് മൂന്ന് മാസത്തെ തുക വിതരണം ചെയ്യാൻ നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇത് എന്ന് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
അധികൃതർ