
ചേർത്തല: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് ലോറിയിൽ നിന്നിറങ്ങി ഓടിയ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കൊട്ടുകാട് കോഴി വിള നിഷാന മൻസിലിൽ ഷാനവാസാണ് (37) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിന് ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപത്തുവച്ച് എം സാൻഡുമായി വന്ന ലോറി പിന്നാലെ വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹോൺ മുഴക്കി നിറുത്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കുറച്ച് മുന്നോട്ട് മാറ്റി ലോറി നിറുത്തിയ ശേഷം ഷാനവാസും സഹായി വിത്സണും ഓടി രക്ഷപ്പെട്ടു.
രാത്രി പന്ത്രണ്ടോടെ ഷാനവാസിനെ കാണാനില്ലെന്ന് വിത്സൺ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചു. തുടർന്ന് പൊലീസും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ പുലർച്ചെ മൂന്നിന് കളിത്തട്ടിന് കിഴക്കുള്ള വീടിന് സമീപം ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പൊലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോറിയിൽ അമിതഭാരമുള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് പേടിച്ചാണ് ഓടിയതെന്ന് വിത്സൺ പൊലീസിനോട് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനാഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: നിസ. മക്കൾ: നിഷാന, ഫാറൂഖ്, ഫാത്തിമ.