
ആൽബിൻരാജിനെ കുടുക്കിയത് സിനിമാ സ്റ്റൈലിൽ
ഹരിപ്പാട് : കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജിനെ (ഷൈജു-39) കുടുക്കിയത് പൊലീസിന്റെ തന്ത്രപൂർവമായ നീക്കം. 1.850 കിലോ സ്വർണ്ണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആൽബിൻ രാജ് അതിബുദ്ധിമാനായതിനാൽ ഇയാളെ കുടുക്കാൻ എല്ലാ തന്ത്രങ്ങളും മെനഞ്ഞാണ് പൊലീസ് സംഘം കോയമ്പത്തൂരിലെത്തിയത്. ഇയാൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് ആദ്യം മൂന്ന് ഉദ്യോഗസ്ഥർ എത്തി. ഇയാൾ തങ്ങുന്ന വീട് മനസിലാക്കിയതോടെ
ഹരിപ്പാട് സി.ഐ ഫയാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം എത്തി. ടെമ്പോ ട്രാവലറിലായിരുന്നു സംഘത്തിന്റെ യാത്ര. തുടർന്ന് ആൽബിൻ രാജിന്റെ വീട് വളഞ്ഞു. പൊലീസിനെ കണ്ട് സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം വീടുകളുടെ ടെറസുകൾ ചാടി ഓടിയ പ്രതിയെ പൊലീസും സമാന രീതിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കത്തി ഉപയോഗിച്ച് പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തിയിരുന്നതായി എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇതോടെ മോഷണവുമായി ബന്ധപ്പെട്ട മൂന്ന് പേരും പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു ലഭിച്ച സൂചനയനുസരിച്ചാണ് കോയമ്പത്തൂരിൽ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയത്.
സ്വർണം ഇനിയും കണ്ടെത്തണം
പ്രധാന പ്രതികൾ മൂന്ന് പേരും അറസ്റ്റിലായതോടെ മോഷണ മുതൽ പൂർണമായി കണ്ടെത്തുകയാണ് പൊലീസിന്റെ മുമ്പിലുള്ള ലക്ഷ്യം. പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം ഇത്ര ഏറെ തൊണ്ടി മുതൽ ലഭിക്കുന്നത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒന്നാം പ്രതി ആൽബിൻ രാജിൽ നിന്നും ഒരു കിലോ എണ്ണൂറ്റി അൻപത് ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെടുത്തു. എന്നാൽ, മോഷ്ടിച്ച പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാങ്കിൽ നിന്നും ആകെ നഷ്ടമായത് 4.83 കിലോ ഗ്രാം സ്വർണ്ണമാണ്. പ്രതികളിൽ നിന്നും കണ്ടെത്തിയതും,ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും കണ്ടെത്താൻ കഴിയുന്നതുമായ കണക്കിൽ 700 ഗ്രാമോളം കുറവ് വരുന്നതായി പൊലീസ് പറയുന്നു. രണ്ടാം പ്രതിയായ ഷൈബുവിന് ലഭിച്ച ഒന്നര കിലോ സ്വർണ്ണം തിരുവനന്തപുരത്തെ കടയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇത് പൊലീസ് അന്വേഷിച്ച് ഉറപ്പ് വരുത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന മുറയ്ക്ക് ഇത് റിക്കവറി ചെയ്യും.
ആൽബിൻ രാജ് പെരിയ തിരുടൻ
കണ്ടാൽ മാന്യൻ, നിവർന്ന് നിൽക്കാൻ ആരോഗ്യമില്ലെന്ന് കാഴ്ചയിൽ തോന്നും. എങ്കിലും ആൽബിൻ രാജ് ചില്ലറക്കാരനല്ല. ഒരു സ്ക്രൂ ഡ്രൈവർ, ചെറിയ ഒരു ചുറ്റിക ഇത്രയും ഉണ്ടെങ്കിൽ ഏത് പൂട്ടും ആൽബിൻ രാജിന് മുന്നിൽ തലകുനിക്കും. കൂട്ടാളികൾ ആരും ഇല്ലെങ്കിലും ഏത് വലിയ മോഷണവും നടത്താമെന്ന ചങ്കുറപ്പാണ് ഈ കള്ളന്റെ പ്ളസ്. നാടുചുറ്റാൻ ഒരു വാഹനവും കൂടിയായാൽ പാതിരായ്ക്ക് മുമ്പ് എത്രവലിയ വീടായാലും സ്ഥാപനമായാലും കൊള്ളയടച്ചിരിക്കും. തിരുവനന്തപുരം പെരുങ്കടവിള ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ആങ്കോട് സഹകരണ ബാങ്കിലെ കവർച്ചാശ്രമത്തിൽ നെയ്യാറ്റിൻകരയിൽ പൊലീസ് പിടിയിലായ ആൽബിൻ രാജിന്റെ മോഷണ വിരുതിന് മുന്നിൽ പൊലീസും നമിച്ചതാണ്. എന്നാൽ ഈ പഴുതുകളൊക്കെ അടച്ചായിരുന്നു കരുവാറ്റ ബാങ്കിലെ മോഷണം. ആൽബിൻ രാജ് പിടിയിലായതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി തെളിയാതിരുന്ന കാർത്തികപ്പള്ളിയിലെ വീട്ടിൽ നടന്ന മോഷണം ഉൾപ്പടെ മൂന്ന് മോഷണ കേസുകൾക്കും തുമ്പായി. തിരുട്ട് ഗ്രാമങ്ങളിലെ മോഷ്ടാക്കളെപ്പോലും വെല്ലുന്ന ആൽബിൻരാജിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കവർച്ചകൾക്ക് തുമ്പുണ്ടാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് വിളപ്പിൽശാലയിൽ ഒരു വീട്ടിൽ മോഷണത്തിനിടെ പിടിക്കപ്പെട്ട ആൽബിൻരാജിനെ നാട്ടുകാർ മരത്തിൽകെട്ടിയിട്ട് പൊതിരെ തല്ലിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് കോയമ്പത്തൂർ സ്വദേശിനിയെ വിവാഹം കഴിച്ച് അവിടേക്ക് ചേക്കേറിയത്. കോയമ്പത്തൂരിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ജീപ്പിൽ കറങ്ങി നടന്ന് ഭൂതപാണ്ടി, ആരുവായ്മൊഴി, വള്ളിയൂർ, തോവാള, നേശമണി നഗർ, തക്കല, കുലശേഖരം എന്നിവിടങ്ങളിൽ മോഷണം നടത്തി. ഈ കേസുകളിലും പൊലീസ് പിടികൂടിയിരുന്നു.
ജൂനിയർ ആട് ആന്റണിയെന്നും അറിയപ്പെട്ടിരുന്ന ഇയാൾക്ക് തമിഴ്നാട്ടിൽ ഇല്ലാത്ത ബിസിനസുകൾ ഇല്ല. ടെക്സ്റ്റൈൽസ് ഷോപ്പ്, ഏക്കർ കണക്കിന് ഭൂമി എന്നിവയുടെ മുതലാളിയാണ്. എല്ലാം കേരളത്തിൽ നിന്നും മോഷ്ടിച്ച് കിട്ടിയ പണത്തിൽ നിന്നും ഉണ്ടാക്കിയെടുത്തവയാണ്.
കർഷകനായും വിലസി
മുമ്പ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൽബിൻ മോഷ്ടിച്ച പണം ഉപയോഗിച്ച് ഭൂതപാണ്ടിയിൽ പാട്ടത്തിനെടുത്ത എസ്റ്റേറ്റിൽ കുടുംബവുമൊത്ത് പച്ചക്കറി കൃഷി തുടങ്ങി. കർഷകനായി നാട്ടിൽ അറിയപ്പെട്ടതോടെ നാട്ടുകാർ ഒരുവിധത്തിലും സംശയിക്കാത്ത വിധമാക്കി ഓപ്പറേഷൻ. മോഷണക്കേസിൽ വീണ്ടും പിടിയിലായപ്പോഴാണ് കോയമ്പത്തൂരിലേക്ക് താവളം മാറ്റിയത്. വല്ലപ്പോഴും കേരളത്തിലെ കുടുംബവീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഇയാൾ നാട്ടുകാരോട് തമിഴ്നാട്ടിൽ താൻ കട നടത്തുകയാണെന്നാണ് പറഞ്ഞിരുന്നത്. കോയമ്പത്തൂരിൽ ഭാര്യയുടെ പേരിൽ പുതുതായി തുണിക്കട ആരംഭിച്ച് മോഷ്ടിച്ച തുണികൾ വില്പന നടത്തിയ സംഭവവും ഉണ്ട്. ഉദിയൻകുളങ്ങരയിലെ ഒരു വസ്ത്രവ്യാപാരസ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച തുണിത്തരങ്ങൾ ഇത്തരത്തിലാണ് വിറ്റത്.
കോയമ്പത്തൂരിൽ ആർഭാട ജീവിതം
20000 രൂപ വാടകയുള്ള ഇരുനില വീട്ടിലായിരുന്നു പ്രതിയും കുടുംബവും താമസിച്ചിരുന്നത്. കോയമ്പത്തൂർ കോവൈ പുതൂർ രംഗസ്വാമി നഗറിൽ മന്ത്രിമാർ ഉൾപ്പടെ വി.ഐ.പികൾ താമസിക്കുന്ന ഹൈ ഫൈ റസിഡന്റ്സ് ഏരിയയിലായിരുന്നു താമസം. മൂന്ന് നിരകളായി തിരിച്ച് പണിതുയർത്തിയിരിക്കുന്ന തൊട്ടുരുമി നിൽക്കുന്ന ഇരു നില കെട്ടിടങ്ങളുള്ള സ്ഥലത്ത് നിന്നും പ്രതിയെ പിടികൂടാൻ പൊലീസ് നന്നേ വിയർത്തു. പൊലീസ് സംഘം വീട് വളഞ്ഞ ശേഷം തുടർച്ചയായി കോളിംഗ് ബെൽ അടിച്ചു. രണ്ടാമത്തെ നിലയുടെ വാതിൽ തുറന്ന ആൽബിൻ രാജിന്റെ ഭാര്യ പൊലീസാണെന്ന് കണ്ടതോടെ വേഗം വാതിൽ അടച്ചു. തുടർന്ന് നാല് വശവും പൊലീസ് ഉണ്ടെന്ന് കണ്ട പ്രതി മട്ടുപ്പാവിലെ വാതിലിലൂടെ പുറത്ത് ചാടിയ ശേഷം ഈ വാതിൽ പുറത്ത് നിന്നും പൂട്ടി. തുടർന്ന് രണ്ട് നില വീടുകൾക്ക് മുകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമം നടത്തി. പൊലീസും പിന്തുടർന്നു. പൊലീസ് വാട്ടർ പൈപ്പുകൾ വഴി ഇരുനില കെട്ടിടത്തിന് മുകളിൽ കയറി. എട്ട് വീടുകളാണ് പൊലീസും പ്രതിയും ചാടിക്കടന്നത്. വീടുകൾക്ക് മുകളിൽ നിന്നും താഴെ ചാടിയ പ്രതി ഇന്നോവ ഉൾപ്പടെയുള്ള കാറുകൾക്ക് മുകളിലൂടെ ചാടി രക്ഷപെടാനും ശ്രമിച്ചു. മൂന്ന് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് മൂന്ന് കിലോമീറ്രറോളം ഓടിയ പ്രതിയെ പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്.
കേരളപൊലീസിനെ 'കള്ളനാക്കി" തമിഴ്നാട് പൊലീസ്
ഹരിപ്പാട്: ഒന്നാം പ്രതി ആൽബിൻ രാജിനായി തിരച്ചിൽ നടത്താനിറങ്ങിയ കേരള പൊലീസിനെ തമിഴ്നാട് പൊലീസ് കള്ളൻമാരെന്ന് കരുതി പൊക്കിയ സംഭവവും കോയമ്പത്തൂരിൽ അന്വേഷണത്തിനിടെയുണ്ടായി. ആൽബിൻ രാജ് വീട്ടിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘങ്ങളായി കോവാ പുതൂർ രംഗസ്വാമി നഗറിൽ സ്ഥാനം ഉറപ്പിച്ചു. രണ്ട് വാഹനങ്ങളിലായാണ് സംഘം കാത്തിരുന്നത്. ഇയാൾ പുറത്ത് കടന്നാൽ പിടികൂടുകയായിരുന്നു ഉദ്ദേശ്യം. രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ വാഹനത്തിൽ കാത്തിരുന്നിട്ടും പ്രതി പുറത്തിറങ്ങിയില്ല. ഈ സമയം സംഘത്തിന്റെ വാഹനം കണ്ട് സംശയം തോന്നിയ സമീപവാസി ഫോട്ടോ പകർത്തി തമിഴ്നാട് ബീറ്റ് ഓഫീസർക്ക് അയച്ചു നൽകി. അഞ്ച് മിനിറ്റിനുള്ളിൽ തമിഴ്നാട് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണ സംഘത്തെ ചോദ്യം ചെയ്തു. ഒടുവിൽ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ കാണിച്ച് കേരള പൊലീസ് കാര്യം ബോധിപ്പിച്ചു.