
പൂച്ചാക്കൽ : അനുപമ ഇന്നലെ ശരിക്കുംതിരിച്ചറിഞ്ഞു. ശബ്ദത്തിന്റെ സൗന്ദര്യം. മണപ്പുറം ഗവ.ഫിഷറീസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ശ്രവണശേഷി ഇല്ലാതിരുന്ന അനുപമയ്ക്ക് ഹിയറിംഗ് സെറ്റ് നൽകിയത്. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ളസ് ടു പാസായതിനു ശേഷം ഇപ്പോൾ എംബ്രോയ്ഡറിയും ടൈലറിംഗും പഠിക്കുകയാണ് ഈ 18കാരി.
കഴിഞ്ഞ വർഷം നടത്തിയ ക്രിസ്തുമസ് ദിനാഘോഷത്തിനിടെയാണ്, അനുപമയുടെ കേൾവിക്കുറവിനെക്കുറിച്ച്, പൂർവ വിദ്യാർത്ഥി സമിതി ഭാരവാഹികൾ അറിഞ്ഞത്. ചിലവേറിയ ചികിത്സ നടത്തുവാൻ അനുപമയുടെ പിതാവ് ബാബുവിന് കഴിയില്ലെന്ന് മനസിലാക്കിയ മനസിലാക്കിയ പൂർവ്വ വിദ്യാർത്ഥി സംഘടനക്കാർ ചികിത്സ ഏറ്റെടുത്തു. ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രത്യേകം ഹിയറിംഗ് ഉപകരണം തയ്യാറാക്കി. നാൽപ്പതിനായിരം രൂപ ഇതിനായി ചെലവു വന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ഇന്നലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഹിയറിംഗ് സെറ്റ്, ഹെഡ്മിസ്ട്രസ് ബി. ജയശ്രിയിൽ നിന്നും അനുപമ ഏറ്റുവാങ്ങി. ആർ. ശ്യാംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഞ്ജയ് നാഥ്, സോമശേഖരൻ, ലിജ സജീവ്, എം.എസ്.ബിന്ദു, ഷൈജു, പി.ആർ.സന്തോഷ്, രാധാകൃഷ്ണൻ നിലച്ചിറ എന്നിവർ സംസാരിച്ചു.