മാവേലിക്കര: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തി​ൽ സർക്കാർ നിയോഗിച്ച സെക്ടറൽ മജിസ്ട്രേറ്റ് മാവേലിക്കരയിൽ പരിശോധന തുടങ്ങി. മാവേലിക്കര സെക്ടറൽ മജിസ്ട്രേറ്റ് ആയ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസിന്റെ നേതൃത്വത്തിലാണ് പൊലീസുമായി ചേർന്ന് പരിശോധന ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഈ സംഘം പരിശോധന നടത്തി. കണ്ടയ്മെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും തുറന്ന് പ്രവർത്തിച്ച കള്ളുഷാപ്പ് അടപ്പി​ക്കുകയും ഷാപ്പി​നെതിരെ കേസ് എടുക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി​. മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.

വരുന്ന ദിവസങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കും മാസ്ക്ക് ശരിയായി ധരിക്കാത്തവർക്കും സാമൂഹ്യഅകലം പാലിക്കാതെ പുറത്തിറങ്ങുന്നവർക്കും എതിരെ കേസ് എടുക്കുമെന്ന് സെക്ടറൽ മജിസ്ട്രേറ്റ് പാട്രിക് ഫ്രാൻസിസ് അറിയിച്ചു. ചെട്ടികുളങ്ങര പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ എസ്.ഐ കെ.കെ പ്രസാദ്, സഹകരണ ഇൻസ്പെക്ടർ ദീപു നിർമ്മലേശൻ, സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥ് എന്നിവർ പങ്കെടുത്തു.