photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു.എസ്.എൻ.ട്രസ്​റ്റ് സെക്രട്ടറിയായി ഒൻപതാമതും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കാനാണ് കൃഷ്ണദാസ് എത്തിയത്. രാവിലെ 10 മണിയോടെ എത്തിയ അദ്ദേഹം ഒരു മണിക്കൂറോളം സൗഹൃദ കൂടിക്കാഴ്ച നടത്തിയശേഷമാണ് പിരിഞ്ഞത്. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ,ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ, ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ എന്നിവരുമുണ്ടായിരുന്നു.

മുസ്ലിംലീഗ് മാർക്‌സിസ്റ്റ് പാർട്ടിയുമായി

മൊഹബത്തിൽ: പി.കെ.കൃഷ്ണദാസ്

മുസ്ലിംലീഗ് മാർക്‌സിസ്​റ്റ് പാർട്ടിയുമായി മൊഹബത്തിലാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ എക്കാലവും അവഹേളിച്ച പാർട്ടിയാണ് സി.പിഎം.ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വി.സി.നിയമനം ഏ​റ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്റി കെ.ടി.ജലീലിന്റെ മതപരമായ അജൻഡയാണ് വോട്ടുബാങ്ക് മുന്നിൽ കണ്ട് സി.പി.എം നടപ്പിലാക്കിയത്. ഇടതു സർക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറിക്കെതിരെ യു.ഡി.എഫ് ഘടകകക്ഷിയായ ലീഗ് പ്രതികരിച്ചതിന് പിന്നിൽ മതവും രാഷ്ട്രീയവുമുണ്ട്. പാലാരിവട്ടം പാലത്തിലൂടെ സി.പി.എമ്മും മുസ്ലിംലീഗും പരസ്പരം കൈകോർത്തിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.