ആലപ്പുഴ : ലോക പോളിയോ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3211ലെ സോൺ 21 ലെ റോട്ടറി ക്ലബ്ബുകൾ പോളിയോ നിർമ്മാർജ്ജന വാരാഘോഷം നടത്തുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ചെയർമാനും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ബേബികുമാരൻ അറിയിച്ചു. (ആലപ്പുഴ റോട്ടറി ക്ലബ്ബ്, ആലപ്പുഴ ഈസ്റ്റ്, അരൂർ, മാന്നാർ, ചേർത്തല ഗ്രീൻ സിറ്റി, ദുബായിലുള്ള കേരള ഗ്ലോബൽ റോട്ടറി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ ഉൾപ്പെട്ടതാണ് സോൺ 21). 19ന് രാവിലെ 11 ന് റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ എം.കുമാരസ്വാമിപിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് മാന്നാറിലേയും പാണ്ടനാട്ടേയും ആരോഗ്യപ്രവർത്തകരെ ആദരിക്കും. 20 ന് വൈകുന്നേരം 8 മണിക്ക് പോളിയോ നിർമ്മാർജ്ജനത്തിൽ റോട്ടറിയുടെ പങ്ക് എന്ന വിഷയത്തിൽ പോളിയോ പ്ലസ് ഡിസ്ട്രിക്ട് അഡ്വൈസർ ഡോ.കെ.കെ.കുരുവിള പ്രബന്ധം അവതരിപ്പിക്കും. 21 ന് രാവിലെ 7.30 ന് പോളിയോ തിരിച്ചുവരാതിരിക്കുവാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെപ്പറ്റി ഡോ.എബ്രഹാം തയ്യിൽ പ്രഭാഷണം നടത്തും. 22 ന് രാവിലെ 10 ന് കഞ്ഞിക്കുഴിയിൽ നടത്തുന്ന പോളിയോ ബോധവത്കരണറാലി പോളിയോ പ്ലസ് ചെയർമാൻ ഡോ.സാബു കുര്യൻ ഉദ്ഘാടനം ചെയ്യും. വളവനാട്ടെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രവർത്തകരെ ആദരിക്കും. അന്ന് വൈകിട്ട് 7 ന് ചേരുന്ന സമ്മേളനം ഐ എം എ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 11ന്ക് ദുബായിലുള്ള കേരള ഗ്ലോബൽ റോട്ടറി ക്ലബ്ബും സമാനമായ പ്രവർത്തനങ്ങൾ നടത്തും.24 ന് രാവിലെ 11ന് അരൂരിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കും.
ലോക പോളിയോദിനമായ 24 വൈകിട്ട് 7 ന് നടക്കുന്ന സമാപന സമ്മേളനം റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ എം.കുമാരസ്വാമിപിള്ള അദ്ധ്യക്ഷത വഹിക്കും. പോളിയോ നിർമ്മാർജ്ജന ദേശീയ കോ-ഓഡിനേറ്ററും മുൻ റോട്ടറി ഗവർണറുമായ ഡോ.സാഗ മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബി കുമാരൻ, സോണൽ ചെയർമാൻ ഡോ. ജയൻ തുടങ്ങിയവർ പ്രസംഗിക്കും.