kudivellam

മാന്നാർ: ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിൽ 61 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂർ സമഗ്ര കുടിവെള്ള പദ്ധതിയിലെ(ജലജീവൻ) കുടിവെള്ള പൈപ്പ് കണക്ഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയിൽ 30.46 കോടിയുടെ കുടിവെള്ള പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ആദ്യഘട്ടമായി 3.68 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 1907 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകും. എട്ടു കിലോ മീറ്റർ വിതരണ ലൈനാണ് സ്ഥാപിക്കുക.രണ്ടാം ഘട്ടത്തിൽ 26.84 കോടി രൂപയുടെ ടെൻഡർ ഉടനുണ്ടാകും. 70 കിലോ മീറ്റർ വിതരണ ലൈനാണ് ഉണ്ടാകുക. ആകെ 78 കിലോ മീറ്റർ വിതരണ ലൈനാണ് സ്ഥാപിക്കുന്നത്. ഇതോടെ 4221 വീടുകൾക്ക് കുടിവെള്ള കണക്ഷനുകൾ നൽകാനാകും. മാന്നാർ പഞ്ചായത്തിൽ 34.54 കോടിയുടെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകും. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനു ജോർജ്, സ്ഥിരം സമിതി അംഗങ്ങളായ സുമ ബിശ്വാസ്, അംബിക, ഉമാ താരാനാഥ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണപിള്ള, അജിത കുമാരി, ഡി ഫിലേന്ദ്രൻ എന്നിവർ പങ്കെടുത്തു.

.....................

ആദ്യ ഘട്ടത്തിൽ 4 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികളായി. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കും. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലായി 61 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികളാണ് ഇതോടെ നടപ്പാക്കുന്നത്.

സജി ചെറിയാൻ എം എൽ.എ

...................