gouriamma

ആലപ്പുഴ:പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷിനെ ജെ.എസ്.എസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.സംസ്ഥാന കമ്മിറ്രിയിൽ നിന്ന് തരം താഴ്ത്താനും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മയുടെ അദ്ധ്യക്ഷതയിൽ ചാത്തനാട്ടെ വസതിയിൽ ചേർന്ന സംസ്ഥാന സെന്റർ തീരുമാനിച്ചു.

ഗൗരിയമ്മയുടെയും പാർട്ടി സെന്ററിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാതെ സംഘടനാ തീരുമാനങ്ങൾ ലംഘിച്ച് തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടി. വ്യക്തിപരമായ കാരണങ്ങളാൽ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരുന്ന ജെ.എസ്.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാറിനെ തൽസ്ഥാനത്തു നിന്ന് നീക്കാനും പുതിയ ജില്ലാ സെക്രട്ടറിയായി വി.ഡി.രതീഷിന് ചുമതല നൽകാനും സംസ്ഥാന സെന്റർ തീരുമാനിച്ചു.

പ്രസിഡന്റ് എ.എൻ.രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സഞ്ജീവ് സോമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, കാട്ടുകുളം സലീം, പ്രൊഫ ബീനാകുമാരി, അഡ്വ.പി.ആർ.പവിത്രൻ,കെ.പി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

എന്നാൽ ഇത്തരത്തിലുള്ള നടപടി തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇടതു മുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്നും ടി.കെ.സുരേഷ് വ്യക്തമാക്കി.