
ആലപ്പുഴ: മണിക്കൂറുകൾ എൻജിൻ കാബിനിലെ ചൂട് സഹിച്ച് കഴിയുന്ന കെ. എസ്. ആർ. ടി.സി ഡ്രൈവർമാർക്ക് ആശ്വാസമായി കെ. എസ്. ആർ. ടി.സി ബസുകളിൽ കിളിവാതിലൊരാുങ്ങി. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യ പരിഗണനയെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് നടപടി.
കാബിനിലെ വായു ക്രമീകരിച്ച് ചൂട് കുറയ്ക്കാൻ ഈ ചെറിയ വാതിൽ ഉപകരിക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപന സാധ്യതയിൽ ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തി മാസങ്ങൾക്കു മുൻപ് ബസുകളിൽ ഡ്രൈവർ സീറ്റിനെ വേർതിരിച്ച് കാബിൻ നിർമിച്ചിരുന്നു. കാബിൻ വന്നതോടെ എൻജിനിൽനിന്നുള്ള ചൂടേറ്റാണ് ഡ്രൈവർമാർ വാഹനമോടിച്ചിരുന്നത്. മാസ്കും ഗ്ലൗസും ഉപയോഗിക്കുന്നവർക്ക് കാബിനിൽനിന്നുള്ള വലിയ തോതിലുള്ള ചൂടിനെ തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെ മുൻനിർത്തിയാണ് പരിഷ്കാരം. കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ 14 പേരാണ് മരണമടഞ്ഞതെന്നും ഡ്രൈവർമാർക്ക് ഹീറ്റ് സ്‌ട്രെസ് വളരെ കൂടുതലാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബസുകളിൽ എയർ സർക്കുലേഷൻ കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും എയർ സർക്കുലേഷൻ കൂടാൻ വശങ്ങളിൽ കിളിവാതിലുകൾ നിർമിച്ചു നൽകുന്നത്. ഇതുകൂടാതെ ഡ്രൈവർ സീറ്റിനു സമീപം ഒരു കുപ്പി വെള്ളം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഇറങ്ങുന്ന വാതിലിന് മുകളിലായി ഉപയോഗ ശൂന്യമായ മാസ്കുകൾ നിക്ഷേപിക്കാനായി പുതിയൊരു ബോക്സും സ്ഥാപിച്ചിട്ടുണ്ട്. ദീർഘദൂര സർവീസ് നടത്തുന്നവർക്കാണിത് ഏറ്റവും ഉപകരിക്കുന്നത്.
..................
കാബിനിനുള്ളിൽ ചൂടും അതിനൊപ്പം ശബ്ദവുമൊക്കെയായി ഏറെ ബുദ്ധിമുട്ടായിരുന്നു. ഏറെ നാളായുള്ള പ്രയാസത്തിന് ഇപ്പോഴത്തെ സംവിധാനം വളരെ ആശ്വാസകരമാണ്.
കെ. എസ്. ആർ. ടി. സി ഡ്രൈവർ
.......................