
ഓടിത്തളർന്ന് സ്വകാര്യ ബസുകൾ
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയിൽ ഓടിത്തളർന്ന് സ്വകാര്യ ബസുകൾ. കടബാധ്യതകൾ തീർക്കാൻ ബസ് വിൽക്കാൻ ശ്രമിച്ചാലും വാങ്ങാനും ആരും വരാത്ത അവസ്ഥയാണ്. ജില്ലയിലെ 450-ഓളം സ്വകാര്യ ബസുകളിൽ ഇപ്പോൾ സർവീസ് നടത്തുന്നത് ഇരുനൂറോളം മാത്രമാണ്. ബസുകളുടെ നികുതി അടച്ചു പൊറുതിമുട്ടുന്ന ഉടമകൾ ഇടക്കാലത്ത് ബസ് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും യാത്രക്കാർ കുറവായതിനാൽ ബസ് വാങ്ങുന്നവർക്കും ആശങ്കയായി. നഷ്ടത്തിലും സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്ക് മൂന്ന് മാസത്തെ നികുതിയിളവ് ലഭിച്ചത് മാത്രമാണ് എക ആശ്വാസമെന്ന് ഉടമകൾ പറയുന്നു. ജി-ഫോം നൽകിയ ബസുകൾക്ക് ആ ഇളവും ലഭിച്ചില്ല. ഇടക്കാലത്ത് ജില്ലാ കളക്ടർ ഇടപെട്ട് ദിവസവും അണുനശീകരണം നടത്തുന്നതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ അതും നിലച്ചതോടെ ആ ചെലവും ഉടമകളുടെമേൽ തുടരുകയാണ്.
വരവ് കുറവ് ചെലവ് കൂടുതൽ
ഒരു ബസ് സർവീസ് നടത്തുന്നതിന് പ്രതിദിനം 6000 മുതൽ 7000 രൂപവരെ ചെലവുണ്ട്. കൊവിഡിന് മുമ്പ് പ്രതിദിന വരുമാനം 7000 രൂപവരെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി 3000 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു ബസിൽ ഡ്രൈവർ, കണ്ടക്ടർ, രണ്ട് ക്ലീനർമാർ എന്നിങ്ങനെ നാല് പേരായിരുന്നു മുമ്പ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു ക്ലീനറെ കുറച്ച് പല ബസുകളിലും മൂന്ന് ജീവനക്കാരായി ചുരുക്കി. എങ്കിലും ഒരാൾക്ക് 700 മുതൽ850 വരെ പ്രതിദിന വേതനമായി നല്കണം. കൂടാതെ ഡീസൽ ചെലവ് വേറെയും. ഇതുകൂടാതെ മാസം നികുതി അടക്കുന്ന ബാധ്യതയുമുണ്ട്. ബസ് വാങ്ങുന്നതും താങ്ങാനാവാത്ത ചെലവായി മാറി. ഒരു ബസ് പെർമിറ്റ് ഉൾപ്പടെ വാങ്ങുന്നതിന് ചുരുങ്ങിയത് 35 മുതൽ 45 ലക്ഷം രൂപ വരെ വേണം. അത്യാവശ്യം ഓട്ടമുള്ള ബസ് ഈ വിലയ്ക്ക് വാങ്ങിയാൽ ഒന്ന് മിനുക്കി ഇറക്കുന്നതിന് വീണ്ടും ചെലവേറും.
സർക്കാർ കനിയണം
ദിവസവും രണ്ട് നേരം അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം. ഒപ്പം കൊവിഡ് കാലം അവസാനിക്കുന്നതുവരെ റോഡ് ടാക്സ് ഒഴിവാക്കി നൽകുകയോ ഡീസൽ സബ്സിഡി ഏർപ്പെടുത്തുകയോ ചെയ്തെങ്കിലേ മേഖലയ്ക്ക് പടിച്ചുനിൽക്കാൻ കഴിയൂ.
- പി.ജെ.കുര്യൻ (ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ)