
ആലപ്പുഴ: കൊവിഡിന്റെ പിടിയിൽ ജീവിത പ്രതീക്ഷകൾ പപ്പടം പോലെ പൊടിഞ്ഞപ്പോൾ, അതേ പപ്പടത്തെ സത്യൻ മുറുകെ പിടിച്ചു. വള്ളികുന്നം ഗ്രാമവാസികൾക്ക് ഉച്ചയൂണിന് പപ്പടം സ്ഥിരം ഐറ്രമാക്കിയത് അദ്ദേഹത്തിന്റെ സ്നേഹപൂർവ്വമുള്ള നിർബ്ബന്ധം . ആഴ്ചയിൽ ഒരു നിശ്ചിത ദിവസം വീട്ടുപടിക്കൽ സത്യനെത്തും, പപ്പടവുമായി. ആരും മുഖത്തു നോക്കി വേണ്ടെന്ന് പറയില്ല.
കേരളത്തിലെ അറിയപ്പെടുന്ന പ്രൊഫഷണൽ നാടക നടനാണ് സത്യൻവള്ളികുന്നം(52). ഓച്ചിറ നാടകരംഗത്തിന്റെ 'ഇവൻ നായിക' നാടകം ഉത്സവ പറമ്പുകളിൽ ഒഴിവില്ലാതെ അവതരിപ്പിക്കുന്നതിനിടെയാണ് കൊവിഡ് പെട്ടെന്ന് തിരശീലയിട്ടത്. നാടകത്തിൽ ശശി എന്ന കോമഡി വേഷമാണ് സത്യൻ അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഉത്സവ സീസണിൽ 165 സ്റ്റേജുകൾ കളിച്ച നാടകത്തിന് ഇത്തവണയും നൂറിലധികം ബുക്കിംഗ് ലഭിച്ചു. പക്ഷെ പകുതി പോലും തികയ്ക്കാനായില്ല.
കുടുംബം പോറ്റാൻ പപ്പടവഴി
നാടകം പെട്ടെന്ന് നിലച്ചപ്പോൾ കുടുംബം പ്രതിസന്ധിയിലായി.അമ്മ ചെല്ലമ്മ, ഭാര്യ ബിന്ദു, എം.എ പൂർത്തിയാക്കി നിൽക്കുന്ന മകൾ അമൃതാ സത്യൻ, പത്താംക്ളാസുകാരി വിജയലക്ഷ്മി എന്നിവരുൾപ്പെട്ട കുടംബത്തിന്റെ ഏകവരുമാനമാണ് ഇല്ലാതായത്.പലവഴി ചിന്തിച്ചു വലഞ്ഞപ്പോൾ പ്രതിവിധി പപ്പട രൂപത്തിലെത്തി. നിർമ്മാതാക്കളിൽ നിന്ന് മൊത്തമായി പപ്പടം വാങ്ങി സ്കൂട്ടറിൽ വീടുവീടാന്തരം എത്തിക്കുക. കലാകാരനായ സത്യൻ ഏവർക്കും പ്രിയങ്കരനായതിനാൽ ആരും ഉപേക്ഷിച്ചില്ലെന്ന് മാത്രമല്ല,മിക്കവരും പതിവുകാരുമായി.20 രൂപയാണ് ഒരു പായ്ക്കറ്റിന് . നാടകത്തിന് കിട്ടിയിരുന്ന 1600 രൂപ പ്രതിഫലമില്ലെങ്കിലും 750- 800 രൂപ നിത്യേന കിട്ടുന്നുണ്ട്. അല്ലലില്ലാതെ ഒരു വിധം കഴിയാം.കലാപ്രവർത്തനം നിലച്ചതോടെ ചില്ലറ രാഷ്ട്രീയ പ്രവർത്തനത്തിനും ഇപ്പോൾ സമയം കിട്ടുന്നുണ്ട്.
രംഗത്ത് രണ്ട് പതിറ്റാണ്ട്
മാവേലിക്കര താലൂക്കിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ കൽക്കുളത്താൽ വീട്ടിൽ സത്യൻ നാടകരംഗത്തെത്തിയിട്ട് 22 വർഷമാവുന്നു.പ്രാദേശികമായി ചില ക്ളബ്ബുകളും സമിതികളുമായൊക്കെ ബന്ധപ്പെട്ടും സാമൂഹിക രംഗത്തും പ്രവർത്തിച്ച ശേഷം കൊല്ലം ഒഡീസിയുടെ 'തേജസ്വിനിയുടെ തീരങ്ങളിൽ' എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ അരങ്ങേറ്റം.വയലാർ നാടകവേദി,തിരുവനന്തപുരം അരങ്ങ്,സംഘചേതന, ഓച്ചിറ സരിഗ,കളിത്തട്ട്, കായംകുളം കെ.പി.എ.സി, ചങ്ങനാശ്ശേരി അണിയറ തുടങ്ങിയ സമിതികളിലായി 1000 ത്തോളം വേദികളിൽ അഭിയനിച്ചു. കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോലെ വഴങ്ങുമെന്നത് സത്യന്റെ മികവ്. ഇതിന് പുറമെ 5 ഓളം നൃത്തനാടകങ്ങളുടെ സംവിധായകനുമാണ്.തിരുവല്ല ഭരത കലാക്ഷേത്രം,ഓച്ചിറ കേരള നൃത്തസംഘം,ദീപാഞ്ജലി, ഹരിശ്രീ,കൊല്ലം കൃഷ്ണശ്രീ, ഹരിപ്പാട് നവ്യശ്രീ,കായംകുളം നാട്യതരംഗ്, കണ്ണൂർ രംഗമിത്ര, കോഴിക്കോട് സൂര്യശ്രീ തുടങ്ങിയ സമിതികൾ ഇതിൽപ്പെടും.പ്രമുഖ നാടകസംവിധായകരായ രാജീവൻമമ്മളി,വത്സൻ നിസരി തുടങ്ങിയവരുടെ സഹസംവിധായകനായും പ്രവർത്തിക്കുന്നു.