
ആലപ്പുഴ: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹൗസ് ബോട്ടുകൾ ഇന്നലെ മുതൽ പുന്നമടക്കായലിൽ ഒൗദ്യോഗികമായി സഞ്ചാരം തുടങ്ങി.
കർശനമായ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രാവിലെ ഒമ്പതുമുതൽ സർവീസ് ആരംഭിച്ചത്. ആദ്യ ദിനം മലപ്പുറം, കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് യാത്രയ്ക്കെത്തിയത്.
കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിനോദസഞ്ചാരികൾക്ക് ശരീര താപനില പരിശോധിച്ചശേഷമായിരുന്നു പ്രവേശനം. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെയുള്ളവ അണുവിമുക്തമാക്കി. പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഹൗസ്‌ബോട്ടുകൾ യാത്ര തുടങ്ങിയത്. കുടുംബങ്ങളേക്കാളുപരി യുവാക്കളുടെ സംഘമാണ് ആദ്യദിനം യാത്രയ്ക്കെത്തിയത്.
1500ൽ അധികം ഹൗസ് ബോട്ടുകളുള്ള ജില്ലയിൽ പത്ത് ശതമാനം മാത്രമാണ് സർവീസിന് തയ്യാറായിട്ടുള്ളത്. നാളുകളായി ഓട്ടമില്ലാതെ കിടക്കുന്നതിനാൽ ഭൂരിഭാഗം ബോട്ടുകൾക്കും തകരാറുകളുണ്ട്.എൻജിൻ, ബാറ്ററി തുടങ്ങിയവയ്ക്ക് അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളും നടത്തേണ്ടതുണ്ട്. ദീപാവലി പ്രമാണിച്ച് ബുക്കിംഗ് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാരും ഉടമകളും. സാധാരണഗതിയിലാണെങ്കിൽ 24 മുതൽ തിരക്കേറുന്ന സമയമാണ്. യാത്രക്കാർ ഡ്രൈവറുടെ സമീപത്തേക്ക് എത്താതിരിക്കാൻ പ്രത്യേകം വേർതിരിക്കാനും നിർദ്ദേശം നൽകി. വിനോദസഞ്ചാരികൾക്കുള്ള വില്ലേജ് വാക്ക് ഉൾപ്പടെയുള്ളവ പാടില്ല. യാത്രക്കാരുടെ വിവരങ്ങൾ വിനോദസഞ്ചാര വകുപ്പ് രജിസ്റ്റർചെയ്ത് സൂക്ഷിക്കും. വകുപ്പിൽ രജിസ്റ്റർ ചെയ്ത യാത്രക്കാരാണെന്ന് ഉറപ്പിക്കാൻ പ്രത്യേക പാസും അനുവദിക്കുന്നുണ്ട്. കൊവിഡ് മുൻകരുതലുകളടങ്ങിയ മാർഗനിർദേശങ്ങൾ ഹൗസ്‌ബോട്ട് ഉടമകളുടെയും ജീവനക്കാരുടെയും സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഔദ്യോഗിക യാത്രാനുമതി ഇന്നലെ മുതലായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ സഞ്ചാരികൾ എത്തുന്ന മുറയ്ക്ക് ബോട്ടുകൾ ഓടിയിരുന്നു.
സുരക്ഷാ നിർദ്ദേശങ്ങൾ
കൊവിഡ് സുരഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. നിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
ഡി.ടി.പി.സി അധികൃതർ
ദീപാവലിയോടനുബന്ധിച്ച് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. അന്വേഷണങ്ങളുമായി നിരവധിപ്പേർ വിളിക്കുന്നുണ്ട്.
രാഹുൽ രമേഷ്, ഹൗസ് ബോട്ട് ഉടമ