s

ഹരിപ്പാട് : കരുവാറ്റ ബാങ്ക് മോഷണക്കേസി​ലെ റി​മാൻഡി​ലായ പ്രതി​കളെ കസ്റ്റഡി​യി​ൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

മുഖ്യ പ്രതി കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജ്, ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നി​വരാണ് അറസ്റ്റി​ലായത്.

മൂന്ന് പേരെയും ഒന്നിച്ച് ക്റ്റഡി​യി​ൽ വാങ്ങി​ ബാങ്കിലും ഗ്യാസ് സിലണ്ടർ മോഷ്ടിച്ച അടൂരിലെ കടയിലും വാഹനം മോഷ്ടിച്ച കൊല്ലത്തും ഉൾപ്പടെ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ആൽബിൻ രാജ് മാത്രമാണ് ലോക്കറിനുള്ളിൽ കടന്നതെന്നും ഷൈബു ബാങ്കി​നുളളി​ലും ഷിബു പുറത്തായി​രുന്നുവെന്നുമാണ് വി​വരം. കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയുമാണ് ഇവർ കവർന്നത്.

മുഖ്യപ്രതി​ ആൽബി​ൻ രാജ് പ്രദേശത്തെ മറ്റ് കവർച്ചാക്കേസുകളി​ലും പ്രതി​യാണെന്നാണ് പൊലീസ് കരുതുന്നത്. 2018 ൽ കാർത്തികപള്ളിയിലെ വീട്ടിൽ നിന്നും എട്ട് പവൻ സ്വർണം കവർന്ന കേസ് ആൽബിൻരാജ് കുറ്റം സമ്മതി​ച്ചതായി പൊലീസ് പറഞ്ഞു. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിലാണ് ഇയാൾ അറസ്റ്റിലായത്. അന്ന് പൊലീസിനെ ആക്രമിച്ചു കടന്നു കളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതുവരെ 1.850 കിലോ ഗ്രാം സ്വർണമാണ് ആൽബിൻ രാജിൽ നിന്നും കണ്ടെടുത്തത്. ഷൈബു തി​രുവനന്തപുരത്ത് കടയിൽ വിറ്റ ഒന്നരകിലോ സ്വർണം പ്രതികളുമായി എത്തി കണ്ടെടുക്കുകയാണ് ഉദ്ദ്യേശം. ബാക്കി സ്വർണവും പണവും എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടില്ല. അതിനായി വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.

കവർച്ചയ്ക്ക് എത്തി​യത് മോഷ്ടി​ച്ച ഓമ്നി​ വാനി​ൽ

കുറത്തികാട്ടെ മോഷണ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് കൊലക്കേസിൽ പ്രതിയായ ഷൈബുവിനെ ആൽബിൻരാജ് പരിചയപ്പെടുന്നത്. ഫെബ്രുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതികൾ കരുവാറ്റ മോഷണം ആസൂത്രണം ചെയ്‌തത്‌. ബാങ്കി​ലെ മോഷണം നടത്താനായി​ വന്നപ്പോഴും ചെറിയ മോഷണങ്ങൾ വഴി​യി​ൽ നടത്തിയാണ് ആൽബിൻ രാജ് എത്തിയത്. കൊല്ലത്ത് നിന്നും ഓമ് നി വാൻ മോഷ്ടിച്ചു. അടൂർ എത്തി ഗ്യാസ് സിലണ്ടർ മോഷ്ടിച്ചു വരും വഴി അടൂരിലെ കടയിൽ നിന്നും പലചരക്കു സാധനങ്ങൾ മോഷ്ടിച്ചു. സുഹൃത്തായ രണ്ടാം പ്രതി ഷൈബുവിന്റെ വീട്ടിലേക്ക് നൽകാനായാണ് ഇത് മോഷ്ടിച്ചത്. അത് ഷൈബുവിന്റെ വീട്ടിൽ എത്തിച്ച ശേഷമാണു ബാങ്കിലേക്ക് യാത്ര തിരിച്ചത്. രാത്രി മുഴുവൻ ബാങ്കിൽ ലോക്കർ മുറിച്ച ശേഷം പകൽ സമയം ഷൈബുവിന്റെ വീട്ടിൽ ആയിരുന്നു താമസം.