മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന് 2.2 കോടി രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിയമസഭാ മണ്ഡലം ആസ്തി വികസന നിധിയിൽ നിന്ന് പണം ചെലവഴിച്ച് പണിയുന്ന തീവ്രപരിചരണ വിഭാഗത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. നിലവിലെ അത്യാഹിത വിഭാഗത്തിൽ സ്ഥാപിക്കുന്ന ഉപകരണങ്ങൾ പുതിയതായി വരുന്ന കെട്ടിടത്തിലേക്ക് മാറ്റാവുന്ന തരത്തിലുള്ളവയാണ്. തീവ്രപരിചരണ വിഭാഗത്തിന്റെ കൂടെ ഇപ്പോൾ അനുവദിച്ച ട്രോമാ കെയർ യൂണിറ്റ് കൂടി വരുന്നതോടെ കൂടുതൽ പ്രയോജനകരമാകും. ജില്ലാ ആശുപത്രിയിൽ കിഫ്ബി മുഖേന അനുവദിച്ച ബഹുനില കെട്ടിട നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും എം.എൽ.എ അറിയിച്ചു.
മികവിന്റെ പാതയിൽ
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി മികവിന്റെ വഴിയിലാണ്. കഴിഞ്ഞ വർഷം ഏകദേശം 900ൽ പരം വലിയ ശസ്ത്രക്രിയകളും 3000ൽ പരം ചെറിയ ശസ്ത്രക്രിയകളും നടത്തിയിരുന്നു. ഇടുപ്പ് മാറ്റിവയ്ക്കൽ, മുട്ടു മാറ്റിവയ്ക്കൽ, ആർത്രോസ്‌കോപി എന്നിവ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം വിദഗ്ദരുടെ നേതൃത്വത്തിലും മമോപ്ലാസ്റ്റി, തൈറോയ്ഡ് ശസ്ത്രക്രിയകൾ, ഡയാലിസിസ് നടത്തുന്നതിനായി എ.വി ഫിസ്റ്റുല ശസ്ത്രക്രിയകൾ തുടങ്ങിയവ സർജറി വിഭാഗം വിദഗ്ദരുടെ നേതൃത്വത്തിലും നടത്തി. 2018 നവംബർ ഒന്നിന് കീഫ്ബി പദ്ധതി വഴി തുടങ്ങിയ ഡയാലിസിസ് യൂണിറ്റ് നിലവിൽ 3800ൽ പരം ഡയാലിസിസ് നടത്തി കഴിഞ്ഞു. ആയിരത്തി അഞ്ഞൂറോളം രോഗികളാണ് ദിനംപ്രതി ആശുപത്രിയിൽ എത്തുന്നത്.
ഗുരുതര രോഗമുള്ളവർക്ക് ഉടൻ ചികിത്സ
അത്യാഹിത വിഭാഗത്തിൽ ട്രൈയേജ് സംവിധാനവും ഉടൻ നടപ്പിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതോടെ ഗുരുതര രോഗവുമായി അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ഉടൻ മെച്ചപ്പെട്ട സേവനം ലഭ്യമാകും. ഇതിനുള്ള പരിശീലനവും പ്രോട്ടോകോൾ നിർമ്മാണവും ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണ ആദ്യം വരുന്ന രോഗിയെ ആദ്യം കാണുന്ന രീതിയിൽ നിന്നും വ്യത്യസ്തമാണ് ട്രൈയേജ് സംവിധാനം. രോഗിയെ ആദ്യം തന്നെ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ കാണും. അവർ പരിശോധിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തും തീവ്ര, ഗുരുതര അവസ്ഥ ഉള്ളവർക്ക് ചുവപ്പും ഗൗരവ അവസ്ഥ ഉള്ളവർക്ക് മഞ്ഞയും സാരമല്ലാത്ത അവസ്ഥയിൽ ഉളളവർക്ക് പച്ചയും നിറങ്ങൾ നൽകും.