
35 സെന്റ് സ്ഥലം സൗജന്യമായി ലഭിക്കും
കായംകുളം: കായംകുളത്തെ സ്വപ്ന പദ്ധതിയായ സ്വകാര്യ ബസ് സ്റ്റാന്റിന്റെ നിർമാണത്തിന് ഒടുവിൽ പച്ചക്കൊടി.
ബസ് സ്റ്റാന്റിന് 35 സെന്റ് സ്ഥലം വസ്തു ഉടമസ്ഥനിൽ നിന്നും സൗജന്യമായി വാങ്ങാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായതോടെയാണിത്. ലിങ്ക് റോഡിലെ 1.74 ഏക്കർ സ്ഥലത്ത് നിന്നും കരീപ്പുഴ തോടിനോട് ചേർന്നുള്ള 35 സെന്റ് സ്ഥലമാണ് ലഭിക്കുന്നത്.
ഇതോടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് പ്രവർത്തന പഥത്തിലേയ്ക്കെത്തുന്നത്.
35 സെന്റ് സ്ഥലം ഏറ്റെടുക്കുവാൻ നേരത്തെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. വസ്തു ഉടമസ്ഥരായ എൽമെക്സ് ഗ്രൂപ്പ് സ്ഥലം വിട്ടു നൽകാൻ സമ്മത പത്രവും നൽകിയിരുന്നു. ഇപ്പോൾ ഈ സ്ഥലം സൗജന്യമായി നഗരസഭയ്ക്ക് വിട്ടു നൽകുവാനും പകരം കെട്ടിട നിർമ്മാണത്തിന് കെ.എം.ബി.ആർ പ്രകാരമുള്ള ഇളവുകൾ നൽകുന്നതിനുമാണ് സൗജന്യമായി ഭൂമി വിട്ടു നൽകുന്നത്.
കൗൺസിൽ യോഗത്തിൽ പദ്ധതിയെ പ്രതിപക്ഷമായ യു.ഡി.എഫ് എതിർത്തപ്പോൾ ഭരണകക്ഷിയായ എൽ.ഡി.എഫും ബി.ജെ.പിയും അനുകൂലിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് 1. 74 ഏക്കർ സ്ഥലം മുഴുവനായി ഏറ്റെടുക്കണമെന്നതായിരുന്നു യു.ഡി.എഫിന്റെ ആവശ്യം.
കായംകുളത്തെ നിർദ്ദിഷ്ട സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻ് സ്ഥാപിക്കുന്നതിനുള്ള 35 സെന്റ് സ്ഥലവും 8 മീറ്റർ വീതിയിൽ 30 സെന്റ് സ്ഥലത്തിന്റെ വഴി അവകാശവുമാണ് നഗരസഭയ്ക്ക് സൗജന്യമായി ലഭിക്കുന്നത്. നഗരസഭ ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന 35 സെന്റ് സ്ഥലത്തിന്റെ വാല്യുവേഷൻ പ്രകാരമുള്ള വിലയായ 1.96 കോടി രൂപയാണ് ലാഭമായത്.
കേരള ബിൽഡിംഗ് റൂൾ പ്രകാരം പൊതു ആവശ്യത്തിനായി ഭൂമി വിട്ടുനൽകുമ്പോൾ വസ്തു ഉടമയ്ക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാരിൽ നിന്നും ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരമുള്ള നടപടികൾ പാലിച്ച് സൗജന്യമായി നല്കുന്ന ഭൂമി ഏറ്റെടുക്കുവാനും വസ്തു ഉടമയ്ക്ക് കിട്ടേണ്ട നിയമപരമായ അവകാശം ലഭിക്കുന്നതിനും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
സ്ഥലം ഏറ്റെടുപ്പിനായി നീക്കിവച്ചിരുന്ന 19600000 രൂപ ഡി.പി.സിയുടെ അനുമതിയോടെ മറ്റ് വികസന പദ്ധതികൾക്കായി വിനിയോഗിക്കുന്നതിനും തീരുമാനിച്ചു. കായംകുളം പട്ടണത്തിന്റെ സ്വപ്നപദ്ധതിയായ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് ഒരു രൂപ പോലും ചെലവഴിക്കാതെ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞത് പ്രശംസനീയമെന്നാണ് പൊതുവായ വിലയിരുത്തൽ.
..................................
സൗജന്യമായി ഭൂമി ലഭിച്ചതോടെ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻ് നിർമ്മാണത്തിന് നഗരസഭ ഫണ്ടിൽ നിന്നും നീക്കി വച്ചിരിക്കുന്ന തുക നഗരസഭയുടെ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിയ്ക്കാവാൻ കഴിയും.
എൻ.ശിവദാസൻ.
ചെയർമാൻ
കായംകുളം നഗരസഭ
..........................
വസ്തു ഉടമസ്ഥന്റെ ബഹു നില കോംപ്ലക്സിന്റെ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിന്ന് വലിയ ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് ചതുപ്പ് സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി വിട്ട് നൽകുന്നത്.
യു മുഹമ്മദ്,
നഗരസഭാ പ്രതിപക്ഷ നേതാവ്
...................................