s

നിർമ്മാണം ഉടൻ ആരംഭിക്കും

ആലപ്പുഴ: നഗരത്തെ പഴയ പ്രൗഡിയിലേക്കെത്തിക്കാൻ പുതിയ കടൽപ്പാലം നിർമ്മാണം ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്ന് 15.26 കോടി രൂപയാണ് കടൽപ്പാലം പുനർനിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.ഇതിന്റെ ടെൻഡർ നടപടികൾക്ക് ഉടൻ തുടക്കമാകും.

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് പുതിയ കടൽപ്പാലത്തിന്റെ നിർമ്മാണം. തുറമുഖ മ്യൂസിയത്തിന്റെ ഭാഗമായാണ് കടൽപ്പാലത്തിന്റെ തിരിച്ചുവരവ്. നഗരത്തിന്റെ തുറമുഖ സ്മരണകളാണ് തുറമുഖ മ്യൂസിയത്തിലൊരുങ്ങുക.സഞ്ചാരികളെ കൂടുതൽ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടൽപ്പാലത്തിന്റെ നിർമ്മാണം. പഴയ കടൽപ്പാലത്തിന്റെ വടക്ക് ഭാഗത്തായാണ് പുതിയത് വരിക. 450 മീറ്റർ നീളം ഉണ്ടാകും. ഐ.ഐ.ടി മുംബയുടെ സാങ്കേതിക സഹായത്തോടെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും നിർമ്മാണം. പുതിയ പാലം നിർമ്മാണത്തിനായി മണ്ണ് പരിശോധന, പഴയ പാലത്തിന്റെ തൂണുകളുടെ ബലപരിശോധന എന്നിവ നടത്തിയിരുന്നു. ഇ.ഐ.എ. അനുമതിയും ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിൽ നിന്നുള്ള ടെക്നിക്കൽ സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കും. തുരുമ്പെടുക്കാത്ത രീതിയിലാകും നിർമ്മാണം. സ്റ്റീൽ, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതാണ് പരിഗണിക്കുക.


സംവിധാനങ്ങൾ

ആളുകൾക്ക് യഥേഷ്ടം കയറി സഞ്ചരിക്കാനാകും. നിശ്ചിത അകലങ്ങളിലായി വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങൾ ഒരുക്കും. രാത്രികാലത്ത് വെളിച്ചവുമുണ്ടാകും. കടപ്പുറത്തെ കൂടുതൽ മനോഹാരിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ചരിത്രം

നഗര ശിൽപ്പി ദിവാൻ രാജാകേശവദാസ് ആലപ്പുഴ തുറമുഖത്തോടൊപ്പം 18ാം നൂറ്റാണ്ടിന്റെ അവസാനം നിർമ്മിച്ചതാണ് കടൽപ്പാലം. കൂറ്റൻ ക്രെയിനുകൾ പാലത്തിൽ സ്ഥാപിച്ചിരുന്നു.305 മീറ്റർ നീളമാണുള്ളത്.1935 മുതൽ 1946 വരെ ഇവിടെ കപ്പലുകൾ എത്തിയിരുന്നു. കൊച്ചി തുറമുഖം സജീവമായതോടെയാണ് കപ്പലുകളുടെ വരവ് കുറഞ്ഞത്. 1989 ഒക്ടോബർ 11 നാണ് അവസാനമായി ചരക്കുമായി കപ്പൽ അടുത്തത്.1979ൽ ആണ് അതിന് മുൻപ് കപ്പൽ നങ്കൂരമിട്ടത്.

കിഫ്ബി അനുമതി ലഭിച്ചതോടെ വേഗം ടെൻഡർ നടപടികളിലേക്ക് കടക്കും. കടൽപ്പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി എല്ലാ പഠനങ്ങളും നടത്തി പാരിസ്ഥിതിക അനുമതിയും ലഭിച്ചതാണ്.ടൂറിസം വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിച്ചാൽ ടെൻഡർ നടപടി ആരംഭിക്കും. ഇതിന് കാലതാമസമുണ്ടാകില്ല. ടെൻഡർ നടന്നാൽ ഉടൻ നിർമ്മാണമാരംഭിക്കാനാകും.

പി.എം.നൗഷാദ് മൂസിരിസ് പ്രൊജക്ട് എം.ഡി