ആലപ്പുഴ : പല കാരണങ്ങൾ കൊണ്ട് തകർന്ന് പോയ സ്പിന്നിംഗ് മേഖലയെ കഠിന പരിശ്രമത്തിലൂടെ തിരികെ കൊണ്ടുവരാൻ ഈ സർക്കാരിനായെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിനകർമ്മ പദ്ധയിലൊന്നാണിത്. 25,200 സ്പിന്റിലുകളുള്ള സ്പിന്നിംഗ് മില്ലായാണ് ഇതിനെ വിപുലീകരിച്ചത്. നൂലിന്റെ ഗുണനിലവാരവും മില്ലിന്റെ 20ശതമാനം ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കാൻ സാധിച്ചു. ഇതോടെ ആഭ്യന്തര വിദേശ വിപണികൾ ഒരുപോലെ വിപുലീകരിക്കാൻ സാധിക്കും. ആധുനികവത്കരണത്തിനും സ്പിന്റിൽ ശേഷി വർദ്ധിപ്പിക്കാനുമായി 34 കോടി രൂപ ചെലവഴിച്ചു. കുറഞ്ഞ ചെലവിൽ കോട്ടൺ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. വ്യവസായ വകുപ്പ്‌സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.