photo

ആലപ്പുഴ : ഒരുകാലത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലി ചന്തകളിൽ ഒന്നായിരുന്ന വയ്യാങ്കര ചന്ത ഇന്ന് പഴയ പ്രതാപത്തിന്റെ നിഴലിൽ. സ്ഥല പരിമിതിയാണ് ചന്തയെ വീർപ്പുമുട്ടിക്കുന്നത്. ആലപ്പുഴ , കൊല്ലം പത്തനംതിട്ട ജില്ലകളുടെ സംഗമ ഗ്രാമമായ ശൂരനാട് വടക്കു പഞ്ചായത്തിലെ ആനയടി വയ്യാങ്കരയിലെ കന്നുകാലിച്ചന്തയ്ക്ക് 90 വർഷത്തെ പഴക്കമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം, മാർച്ച് 12 നു ശേഷം പ്രവർത്തിച്ചിട്ടില്ല.

പഴയകാല കോൺഗ്രസ് നേതാവും ശൂരനാട് പഞ്ചായത്ത് പ്രസിഡന്റും , അറിയപ്പെടുന്ന കർഷകനുമായിരുന്ന ആനയടി വയ്യാങ്കര ബംഗ്ളാവിൽ രാഘവക്കുറുപ്പിന്റെ രണ്ടേകാൽ ഏക്കർ സ്ഥലത്താണ് കന്നുകാലി ചന്ത ആരംഭിച്ചത്. ഏക്കർ കണക്കിന് കൃഷി ഭൂമി ഉണ്ടായിരുന്ന രാഘവക്കുറുപ്പ് നാടിന്റെ കാർഷിക അഭിവൃദ്ധിക്ക് ഗുണമാകട്ടെ എന്ന ലക്ഷ്യത്തിലാണ് കാലി ചന്ത ലൈസൻസ് എടുത്തത്.

ആദ്യ കാലങ്ങളിൽ മലയാള മാസത്തിലെ 5 , 17 , 27 തീയതികളിൽ ആയിരുന്നു ചന്ത നടന്നിരുന്നത്. തെക്കൻ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിൽനിന്നും നൂറു കണക്കിന് കാളകളെയും പശുക്കളെയും, പോത്തിനേയും , ആടിനെയും ഒക്കെ നടത്തി ദിവസങ്ങൾക്ക് മുമ്പേ ചന്തയുടെ പരിസരങ്ങളിൽ എത്തിച്ചിരുന്നു . കാലികളുടെ കച്ചവടത്തിന് പുറമെ കാർഷിക ഉത്പന്നങ്ങളുടെ വിപണനവും അന്ന് ഇവിടെ നടന്നിരുന്നു.

1987ൽ രാഘവക്കുറുപ്പ് മരിക്കുന്നതു വരെയും അദ്ദേഹമായിരുന്നു ചന്ത നടത്തിയിരുന്നത്. അതിനു ശേഷം ഭാര്യ ഭാനുമതിയമ്മയായിരുന്നു ലൈസൻസി . ഭാനുമതിയമ്മയുടെ മരണ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി രാഘവക്കുറുപ്പിന്റെ മരുമകളും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ സുജാത രാധാകൃഷ്ണനാണ് ചന്തയുടെ നടത്തിപ്പ് ചുമതല.

ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം

തൊണ്ണൂറുകളിൽ കന്നുകാലി ചന്തയുടെ പ്രവർത്തനം മാസത്തിൽ അഞ്ചു ദിവസമായി ഉയർത്തി. എന്നാൽ, ഇപ്പോൾ ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലേക്ക് പ്രവർത്തനം ചുരുക്കി. മുൻകാലങ്ങളിൽ വെളുപ്പിന് 5 ന് തുടങ്ങിയിരുന്ന ചന്ത സന്ധ്യ വരെയും നീണ്ടിരുന്നു എന്ന് പഴമക്കാർ ഓർമ്മിക്കുന്നു. അന്ന് ഏറ്റവും കൂടുതൽ കാളകളും നാടൻ പശുക്കളുമായിരുന്നു ചന്തയിൽ നിറഞ്ഞിരുന്നത്. വയ്യാങ്കരയിലും പരിസര പ്രദേശത്തുമായി നൂറോളം കുടുംബങ്ങൾ ഇന്നും ഈ കാലിച്ചന്ത കൊണ്ട് ഉപജീവനം നടത്തുന്നു.

കൊല്ലം-തേനി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ചന്ത സ്ഥലപരിമിതിയെത്തുടർന്ന് ഇന്ന് വീർപ്പു മുട്ടുകയാണ്. ഒരു കാലിയെ ചന്തയിൽ എത്തിക്കുമ്പോൾ കൊണ്ടുവന്നവരുടെയും വാങ്ങാൻ വന്നവരുടെയും , ഏജന്റുമാരുടെയും ഉൾപ്പടെ മൂന്ന് വാഹനങ്ങൾ എത്തുമെന്നതാണ് ഇന്നത്തെ ബുദ്ധിമുട്ട്. പണ്ട് രണ്ടായിരത്തോളം കാലികളെ വരെ വില്പന നടത്തിയിരുന്നിടത്ത് ഇന്ന് അഞ്ഞൂറോളമായി ചുരുങ്ങിയെങ്കിലും വാഹനങ്ങളുടെ ആധിക്യമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത് .

നിലവിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ചന്ത . ഇനി മുതൽ രാവിലെ 5 മണിക്ക് ചന്ത തുടങ്ങണമെന്ന് പുതിയ ഉത്തരവ് വന്നിട്ടുണ്ട്.

കാർഷിക സംസ്കാരത്തെ മലയാളികൾ മറന്നതും, യന്ത്രവത്‌ക്കരണവും കാലിച്ചന്തകളെ ശുഷ്കമാക്കി. അന്യം നിന്ന് പോകുന്ന കന്നുകാലി ചന്തകളെ പഴയകാല പ്രതാപത്തിലേക്ക് തിരികെ എത്തിക്കുവാനും നമ്മുടെ കാർഷിക പാരമ്പര്യത്തെ കാത്തു സൂക്ഷിക്കുവാനും സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകണം

സുജാത രാധാകൃഷ്ണൻ
വയ്യങ്കര കന്നുകാലി ചന്തയുടെ ഇപ്പോഴത്തെ ലൈസെൻസി