കായംകുളം: തകർന്ന് പോയ സ്പിന്നിംഗ് മേഖലയെ കഠിന പരിശ്രമത്തിലൂടെ പുതു ജീവൻ നൽകി തിരികെ കൊണ്ടുവരാൻ സർക്കാരിനായെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കരീലക്കുളങ്ങരയിലെ ദി ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിനകർമ്മ പദ്ധയിലൊന്നാണിത്. 25,200 സ്പിൻറിലുകളുള്ള സ്പിന്നിംഗ് മില്ലായാണ് വിപുലീകരിച്ചത്. പതിമൂവ്വായിരത്തിൽ പരം സ്പിൻറിലുകളാണ് പുതുതായി നിർമ്മിച്ചത്. നൂലിന്റെ ഗുണനിലവാരവും മില്ലിന്റെ 20 ശതമാനം ഉത്പാദന ക്ഷമതയുംവർധിപ്പിക്കാൻ സാധിച്ചു. ഇതോടെ ആഭ്യന്തര വിദേശ വിപണികൾ ഒരുപോലെ വിപുലീകരിക്കാൻ സാധിക്കും. ആധുനിക വത്ക്കരണത്തോടെ ചുരുങ്ങിയത് നൂറ് പേർക്കെങ്കിലും കൂടുതലായി ജോലി ലഭിക്കുമെന്നും മന്ത്രിപറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മില്ലുകളിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം ലഭിച്ചസ്ഥാപനമാണ് ആലപ്പുഴ സ്പിന്നിംഗ് മിൽ. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ മില്ലിനുള്ളസാധ്യതകൾ അനന്തമാണ്. വിവിധ ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനായി ഇതിനോട് ചേർന്ന് ഷോപ്പിംഗ് കേന്ദ്രങ്ങൾനിർമ്മിക്കുന്നത് മില്ലിൻറെ വളർച്ചക്ക് കാരണമാകും. കുറഞ്ഞ ചെലവിൽ കോട്ടൺ ലഭ്യമാക്കുന്നതിനാവശ്യമായനടപടികൾ സംസ്ഥാന തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യു.പ്രതിഭ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. എ. എം ആരിഫ് എം.പി മുഖ്യാതിഥിയായി.