
ചേർത്തല : സംയോജിത കൃഷിയുടെ സൗന്ദര്യം കാണണോ,കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിലെ കുന്നും പുറത്ത് രാജപ്പന്റെ വീട്ടുവളപ്പിൽ ചെന്നാൽ മതി. കപ്പയും വാഴയും കപ്പക്കിഴങ്ങും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും വാഴയും ഒരു ഭാഗത്ത്. ഇവയ്ക്ക് ജൈവ വളമൊരുക്കാൻ നാലുനാടൻ പശുക്കൾ. മത്സ്യം, താറാവ്, കോഴി ഒക്കെയായി കൃഷിയിടം സമ്പന്നമാണ്. ഇനിയുമുണ്ട് കാഴ്ചകൾ. മഴമറയിൽ കായ്ച്ചു കിടക്കുന്ന നല്ല നാടൻ പച്ചപ്പയർ, പടവലവും പായലും പന്തലിലേയ്ക്കാവുന്നു.
കെ.പി.രാജപ്പൻ തന്റെ റിട്ടയർമെന്റ് ജീവിതം പൂർണ്ണമായും കൃഷിയ്ക്കായാണ് വിനിയോഗിക്കുത്. നാലു തരം മരച്ചീനിയാണ് കൃഷിയിടത്തിലുള്ളത് . പ്രമേഹ രോഗികൾക്കും ആവശ്യാനുസരണം കഴിക്കാവുന്ന ഇനമാണ് ഏറെ പ്രാധാന്യത്തോടെ വളർത്തുന്നത് . ഏത്ത മുട്ടൻ ഇനത്തിലുള്ള കപ്പയും കൃഷിയിടത്തിൽ വളരുന്നു. പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി . നാടൻ പശുക്കളുടെ ചാണകവും മൂത്രവും വീട്ടിൽ തയ്യാറാക്കുന്ന ജീവാമൃതവും ആണ് വളമായി ഉപയോഗിക്കുന്നത്. ഭാര്യ പ്രസന്നയും മകൻ നിഥിനും സഹായത്തിന് രാജപ്പനൊപ്പമുണ്ട്.
പയർ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാറും ചേർന്ന് നിർവഹിച്ചു. പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, എസ്. ഗവേഷ് , വി.ആർ.രഘുവരൻ,ജയശ്രീദേവ്,ശരത് എന്നിവർ പങ്കെടുത്തു.