
മാന്നാർ : തനിക്ക് ലഭിക്കുന്ന തുച്ഛവരുമാനത്തിൽ നിന്ന് ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ് അഭിലാഷ് മാന്നാർ എന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ. സമാന മനസുള്ള ചിലരും അഭിലാഷിനെ പ്രവർത്തനങ്ങളിൽ സഹായിക്കാറുണ്ട്.
നിർദ്ധനരായ രോഗികൾക്ക് മരുന്നു വാങ്ങി നൽകുക, പൊതിച്ചോർ വിതരണം, രക്തദാനം എന്നിങ്ങനെ നീളുന്നു മാന്നാർ കുരട്ടിക്കാട് രാജേഷ് ഭവനത്തിൽ അഭിലാഷിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഓപ്പറേഷൻ സമയത്ത് രക്തം ആവശ്യമായി വന്നാൽ അഭിലാഷും സംഘവും ഓടിയെത്തും. അഭിലാഷിന്റെ നേതൃത്വത്തിൽ സ്നേഹസാന്ത്വനം എന്ന പേരിൽ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും പത്തനംതിട്ട ബ്ലഡ് ബാങ്കിന്റെയും സഹായത്തോടെ രക്തദാന,രക്ത പരിശോധന ക്യാമ്പ് മാന്നാറിൽ നടത്തിയിരുന്നു. ഓണക്കാലത്ത് "ഓണവിരുന്ന്" എന്ന പേരിൽ 100 ൽ അധികം വീടുകളിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാനും അഭിലാഷ് മുന്നിലുണ്ടായിരുന്നു.
അഭിലാഷും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരം ആർ.സി.സിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മാസത്തിൽ ഒരു ദിവസം ഭക്ഷണം നൽകി വരുന്നുണ്ട്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച രണ്ട് കുട്ടികൾക്ക് ടെലിവിഷനുകൾ വാങ്ങി നൽകി. ഇതിന് മറ്റ് ചിലരിൽ നിന്നും സഹായങ്ങൾ ലഭിച്ചു.