ഹരിപ്പാട് : കരുവാറ്റ ബാങ്ക് മോഷണക്കേസിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിൽ ഒന്നാംപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജ് (ഷൈജു-39), രണ്ടും മൂന്നും പ്രതികളായ ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരെയും ഒന്നിച്ചു ബാങ്കിലും ഗ്യാസ് സിലണ്ടർ മോഷ്ടിച്ച അടൂരിലെ കടയിലും, വാഹനം മോഷ്ടിച്ച കൊല്ലത്തും ഉൾപ്പടെ എത്തിച്ചു തെളിവെടുപ്പ് നടത്തും. മോഷണം നടത്തിയ രീതി, സ്വർണം വിറ്റ രീതി എല്ലാം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദിച്ചറിയും. ഇതുവരെ 1.850 കിലോ ഗ്രാം സ്വർണമാണ് ആൽബിൻ രാജിൽ നിന്നും കണ്ടെടുത്തത്. ഷൈബു തുരുവനന്തപുരത്ത് കടയിൽ വിറ്റ ഒന്നരകിലോ സ്വർണം പ്രതികളുമായി എത്തി കണ്ടെടുക്കും. ബാക്കി സ്വർണവും പണവും എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടില്ല. അതിനായി വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.