
അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനവും, സായാഹ്ന പാർക്ക്, ഓപ്പൺ എയർ സ്റ്റേഡിയം എരിയകുളം നവീകരണം എന്നിവയുടെ ശിലാസ്ഥാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ നിർവ്വഹിച്ചു. 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് സായാഹ്ന പാർക്ക് നിർമ്മാണവും എരിയകുളം നവീകരണവും നടത്തുന്നത്. മൂന്ന് പദ്ധതികളിലായി 67 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സായാഹ്ന പാർക്കിനോടനുബന്ധിച്ച് ഓപ്പൺ എയർ സ്റ്റേഡിയവും വഴിയോരയാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും കഫ്റ്റീരിയയും നാല് ടോയ്ലറ്റുകളുടെ കോപ്ലക്സും ഉൾപ്പെടും. പാർക്കിനോട് ചേർന്ന് കിടക്കുന്ന എരിയകുളം കല്ലു കെട്ടി സംരക്ഷിക്കും. പഞ്ചായത്ത് ഓഫീസ് വിപുലീകരവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ.ആർ.നന്ദകുമാർ പദ്ധതി വിശദീകരിച്ചു. ഉഷ അഗസ്റ്റിൻ, എ.എം.സജിത, എ.എ.അലക്സ്, സി.കെ.പുഷ്പൻ, പഞ്ചായത്ത് സെക്രട്ടറി പി.വി.മണിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.