tv-r

അരൂർ : നാലുവരി ദേശീയപാതയിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ എരമല്ലൂർ ജംഗ്ഷനിൽ സിഗ്നൽ സംവിധാനമില്ലാതായിട്ട് ആഴ്ചകൾ പിന്നിടുന്നു. ഏറെക്കാലമായി ദേശീയപാത മീഡിയനിലെ വഴിവിളക്കുകളുംതെളിയുന്നില്ല. ജംഗ്ഷനിൽ പതിനഞ്ച് ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിട്ട് മാസങ്ങളായി.ഇതുമൂലം കുരിരുട്ടിലാണ് ജംഗ്ഷൻ.

സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ ജംഗ്ഷനിലൂടെ പായുകയാണ്. ഗതാഗതം നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെപ്പോലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല.

കാൽനടയാത്രക്കാർ ഭീതിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്. അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജംഗ്ഷനിൽ അപകടങ്ങളും തുടർക്കഥയാണ്. ആഴ്ചകൾക്ക് മുൻപാണ് ജംഗ്ഷനിലെ സിഗ്നൽ പോസ്റ്റ് വാഹനം ഇടിച്ചു തകർന്നത്. ഏതു സമയത്തും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ് ഇതിപ്പോൾ. എഴുപുന്ന ഭാഗത്തേക്ക് പോകേണ്ട നിരവധി സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.