s

ഇന്നലെ 592 പേർക്ക് രോഗബാധ, രണ്ട് മരണം

ആലപ്പുഴ: ജില്ലയിൽ ജനുവരി മുതൽ ഇന്നലെ വരെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നലെ 592 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 25066 ആയി. മേയ് മുതൽ ഇന്നലെ വരെ 83പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 97 മരണമെന്നാണ് അനൗദ്യോഗിക കണക്ക്.

കഴിഞ്ഞ 20ദിവസം കൊണ്ട് ജില്ലയിൽ പതിനായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കപ്പെടുത്തുന്നു. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും വകുപ്പുകളുടെ ഏകോപനമില്ലാതെയുള്ള പ്രവർത്തനവും രോഗ ബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാകുന്നെന്നാണ് ആരോപണം.

നിരോധനാജ്ഞ ഉൾപ്പെടെ ഒരുമാസത്തേക്കുള്ള കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും റോഡിൽ ആൾത്തിരക്കിന് കുറവില്ല.

286 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ ആകെ എണ്ണം 18316ആയി . വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), പാണ്ടനാട് സ്വദേശി ഫിലിപ്പ് എബ്രഹാം(50) എന്നിവരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.

ബിവറേജസ് ജീവനക്കാരന് കൊവിഡ്

ബിവറേജ് കോർപ്പറേഷന്റെ ചുങ്കം ഔട്ട് ലെറ്റിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷോപ്പ് ഇന്‍ ചാർജിനാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. ഇതോടെ ഔട്ട് ലെറ്റ് വൈകിട്ട് പൂട്ടി. ഔട്ട് ലെറ്റിലെ പത്തുപേർ ക്വാറന്റൈനിൽ പ്രവേശിച്ചു.