house-boat

കായലോരങ്ങളിൽ കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടുകൾ ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓളപ്പരപ്പിൽ നീങ്ങിത്തുടങ്ങി. വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ ജലപ്പരപ്പിലൂടെ നീങ്ങുന്നതെങ്കിലും ആയിരണക്കണക്കിന് കുടുംബങ്ങൾ ആശ്വാസ നിശ്വാസങ്ങളോടെയാണ് ആ ബോട്ടുകൾ വീക്ഷിച്ചത്. കാരണം നഷ്ടപ്പെട്ടുപോയ കുടുംബ വരുമാനം തിരികെ എത്തുന്നതിന്റെ സൂചകമായി അവർ ഇത് കാണുന്നു. വേമ്പനാട് കായലിന്റെ ഏതു കോണിൽ നോക്കിയാലും കാണുന്ന കാഴ്ചയായിരുന്നു ഹൗസ്ബോട്ടുകൾ. എന്നാൽ കൊവിഡ് ജനജീവിതം നിശ്ചലമാക്കിയതോടെ ഹൗസ് ബോട്ടുകളുടെ ഓട്ടവും നിലച്ചു. കേരള ടൂറിസത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നും ആലപ്പുഴ ജില്ലയുടെ മുഖ്യവരുമാന സ്രോതസുമായിരുന്നു ഹൗസ് ബോട്ട് വ്യവസായം.

മാർച്ച് അവസാന ആഴ്ചയിലാണ് ബോട്ടുകൾ താത്കാലികമായി കായലോരത്തും ഉൾനാടൻ തോടുകളുടെ ഓരങ്ങളിലുമായി കെട്ടിയിട്ടത്. പിന്നെ ഏഴുമാസമായി അവ അനങ്ങിയിട്ടില്ല. അംഗീകാരമുള്ളതും വേണ്ടവിധ ലൈസൻസുകൾ ഇല്ലാത്തതുമെല്ലാമായി 1500 ഓളം ഹൗസ് ബോട്ടുകളാണ് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്നത്. പതിനഞ്ച് ലക്ഷം മുതൽ കോടികൾ വരെ മുടക്കുള്ളതും പല വലിപ്പത്തിലും സൗകര്യങ്ങളിലുമുള്ളതുമായ ഹൗസ് ബോട്ടുകളുണ്ട്. സിനിമാ നടന്മാരും സംവിധായകരും മറ്റു ബിസിനസ് രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ മേഖലയിൽ പണം മുടക്കിയിട്ടുണ്ട്.തരക്കേടില്ലാത്ത വരുമാനം ഉറപ്പുള്ളതിനാലാണ് ഇവിടേക്ക് മുടക്കില്ലാതെ നിക്ഷേപമെത്തുന്നതും. സാമാന്യ വിഭാഗത്തിലുള്ള ഒരു ഹൗസ് ബോട്ടിൽ കുറഞ്ഞത് മൂന്ന് ജീവനക്കാരുണ്ടാവും. ഏറെക്കുറെ സ്ഥിരം സ്വഭാവമുള്ള തൊഴിലായതിനാൽ ഇവരാരും മറ്റു ജോലികൾക്ക് പോകേണ്ടതുമില്ല. വെള്ളപ്പൊക്കവും കാലവർഷവുമൊക്കെ എത്തുമ്പോൾ കുറച്ചു ദിവസം ഓട്ടമില്ലാതാവുമെങ്കിലും പൊതുവെ മിക്കവർക്കും ഒരുവിധം തട്ടിമുട്ടിപ്പോകാം.

ഹൗസ്ബോട്ടുകളിൽ ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങൾ എത്തിക്കുന്നവർ, മത്സ്യ-മാംസ വിതരണക്കാർ, പാചക വാതക വിതരണക്കാർ, ബോട്ടുകൾ പോകുന്ന വഴികളിൽ പ്രവർത്തിക്കുന്ന ചെറുകടകൾ തുടങ്ങി നേരിട്ടും അല്ലാതെയും ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എത്രയോ ആൾക്കാർ....അവർക്കെല്ലാം പുതിയ തീരുമാനം പകരുന്ന ആശ്വാസം ചെറുതല്ല.

കണ്ണുകാണാത്ത

ഭാവനാ വിലാസം

'മുങ്ങിത്താഴുമ്പോൾ കച്ചിത്തുരുമ്പും പിടിവള്ളി 'എന്നാണ് ചൊല്ല്. കൊവിഡ് കേരളത്തിൽ ശക്തിപ്രാപിച്ചു വരുന്ന ഘട്ടത്തിൽ വലിയ വെല്ലുവിളി രോഗബാധിതർക്ക് വേണ്ടി ക്വാറന്റീൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതായിരുന്നു. കിട്ടാവുന്ന ആശുപത്രികൾ, പൊതുമരാമത്ത് ഗസ്റ്ര് ഹൗസുകൾ, സ്‌കൂളുകൾ, മറ്റ് സർക്കാർ മന്ദിരങ്ങൾ തുടങ്ങിയവയെല്ലാം ഇതിനായി കണ്ടെത്തി. രോഗവ്യാപനത്തിന്റെ ശക്തി കൂടിയപ്പോൾ അതൊന്നും മതിയാവില്ലെന്ന് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പ് അധികൃതർക്കും ബോദ്ധ്യമായി. പോരാത്തതിന് വിദേശത്തുള്ളവർക്ക് നിയന്ത്രണങ്ങൾ പാലിച്ച് നാട്ടിലേക്ക് വരാൻ അനുമതി കൂടി നൽകുന്നതോടെ കാര്യങ്ങൾ കൈവിടുമെന്ന സ്ഥിതിയെത്തി.

ഈ ഘട്ടത്തിലാണ് ആരുടെയോ തലയിൽ ഒരു 'ലഡു 'പൊട്ടിയത്. നിശ്ചലമായിക്കിടക്കുന്ന ഹൗസ് ബോട്ടുകൾ ക്വാറന്റീൻ മുറികളാക്കാം. പിന്നാലെയുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെ ഭരണാധികാരികളും വകുപ്പ് മേധാവികളുമെല്ലാം ഇതിന് കൈപൊക്കി. ഹൗസ് ബോട്ടുകൾ കായലിൽ കിടക്കുന്നതാണെന്നും ഇതിൽ നിന്ന് രോഗികളുടെ മാലിന്യങ്ങൾ പുറത്തേക്കു തള്ളിയാൽ വലിയ ജലമലിനീകരണത്തിന് അത് വഴിവയ്ക്കുമെന്നുമുള്ള കാര്യങ്ങളെല്ലാം അവർ മറന്നു, അല്ലെങ്കിൽ അതേക്കുറിച്ച് ചിന്തിച്ചില്ല. ഏതായാലും നഗരത്തിലെ പ്രശസ്‌തമായ ഒരു കലാശാലയിലെ അദ്ധ്യാപകന്റെ തലയിൽ മുമ്പത്തേതിലും വലിയ ലഡു പൊട്ടി. അദ്ദേഹം സോഷ്യൽ മീഡിയ വഴിയും മാദ്ധ്യമങ്ങൾ വഴിയും ഹൗസ് ബോട്ടുകൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അത് എത്തേണ്ടിടത്ത് എത്തിയതിനാലാവണം, ആ നീക്കം അങ്ങനെ ഉപേക്ഷിച്ചു.

പച്ചക്കറി തോട്ടം, ദുരിതാശ്വാസ ക്യാമ്പ്

ലക്ഷങ്ങൾ മുടക്കി നഷ്ടം സഹിച്ചിരിക്കുന്ന ഹൗസ് ബോട്ടുടമകൾക്ക് സർക്കാരിന്റെ വഴിക്ക് ചിന്തിക്കാനാവില്ലല്ലോ. ചിലർ ഹൗസ് ബോട്ടിന്റെ മേൽത്തട്ടിൽ നല്ല ഒന്നാംതരം പച്ചക്കറി കൃഷി തുടങ്ങി. മെച്ചപ്പെട്ട വിളവും വരുമാനവും അവർക്ക് കിട്ടി. കൈനകരി മേഖലയിലെ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായി കിടക്കാടം വെള്ളത്തിലായ കർഷകരും കർഷക തൊഴിലാളികളും നാടുവിട്ട് പോകേണ്ട ഘട്ടം വന്നപ്പോഴും ഹൗസ് ബോട്ടുകൾ തുണയായി. കുറെപ്പേരെ ഹൗസ് ബോട്ടുകളിലെ മുറികളിൽ ചെറിയ വാടക മാത്രം ഈടാക്കി താത്കാലികമായി താമസിക്കാൻ ഉടമകൾ അനുമതി നൽകി.

ദുരിതകാലം മാറുന്നു

പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസം ഹൗസ്‌ബോട്ടുകൾ യാത്ര തുടങ്ങിയത്. കർശന നിയന്ത്രണങ്ങളോടെയാണ് ഇതിന് അനുമതി നൽകിയിട്ടുള്ളത്. ദീപാവലി പ്രമാണിച്ച് ബുക്കിംഗ് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലി​ലാണ് ജീവനക്കാരും ഉടമകളും. സാധാരണഗതിയിലാണെങ്കിൽ 24 മുതൽ തിരക്കേറുന്ന സമയമാണ്. യാത്രക്കാർ ഡ്രൈവറുടെ സമീപത്തേക്ക് എത്തുന്നത് ഒഴിവാക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.

സുരക്ഷാ നി​ർദ്ദേശങ്ങൾ

1. ഒരു ബോട്ടിൽ പരമാവധി പത്ത് പേർക്ക് യാത്രചെയ്യാം.

ഒരു മുറിയിൽ രണ്ടുപേർക്ക് താമസിക്കാം .

2.ചെക്ക്- ഇൻ, ചെക്ക് - ഔട്ട് എന്നിവ രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനുമിടയ്ക്ക്

3. ഒാരോ യാത്രക്ക് ശേഷവും ബോട്ടുകൾ അണുവിമുക്തമാക്കണം

ജീവനക്കാർ സഞ്ചാരികളുമായി സമ്പർക്കത്തിലേർപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

ഇതു കൂടി കേൾക്കണെ

പ്രതിസന്ധിഘട്ടങ്ങൾ പലപ്പോഴും ഉണ്ടാവാം. അത് തരണം ചെയ്യാൻ ഉപായങ്ങൾ സ്വീകരിക്കേണ്ടിയും വരും. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ ഉപായങ്ങൾ തേടുമ്പോൾ രണ്ട് വട്ടം ആലോചിക്കണം. ചെടി അഴുകി മരത്തിന് വളമാകണമെന്ന ആ ശാസ്ത്രം എപ്പോഴും എവിടെയും യുക്തമാവണമെന്നില്ല.