
ചേർത്തല : ജൈവമാലിന്യ സംസ്‌കരണ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിച്ച് മുഹമ്മ ഗ്രാമപഞ്ചായത്ത്. അഴുകി ദുർഗന്ധം പരത്തുന്ന ജൈവമാലിന്യം മനുഷ്യന് ഉപകാരപ്രദമായി തീർക്കുന്നതാണ് പദ്ധതി. ജൈവമാലിന്യത്തിൽ നിന്ന് മീനിനും കോഴിക്കും ആവശ്യമായ തീറ്റക്കായി പ്രോട്ടീൻ പുഴുക്കളെ ഉത്പാദിപ്പിക്കും. ബയോപോഡ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് വലിയ മുതൽ മുടക്ക് ആവശ്യമില്ല.എവിടെയും സ്ഥാപിക്കാം.
മുഹമ്മ ഗ്രാമപഞ്ചായത്തും എട്രീ (അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇക്കോളജി ആൻഡ് എൻവയോൺമെന്റ്)യും സംയുക്തമായി ആൻട്രിക്സ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ സഹായത്താൽ നടത്തുന്ന 63 കോഴിവളർത്ത് യൂണിറ്റുകൾക്കും 15മീൻവളർത്തൽ യൂണിറ്റുകൾക്കുമാണ് ഒന്നാം ഘട്ടത്തിൽ ബയോപോഡുകൾ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം അഡ്വ.എ.എം. ആരിഫ് എം.പി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിച്ചു.മായാമജ്ജു,സി.ബി. ഷാജികുമാർ,ഡി.സതീശൻ,സിന്ധു രാജീവ്,എം.എസ്.ലത,പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് എന്നിവർ പങ്കെടുത്തു.
ബയോപോഡ്
വളരെ ലളിതവും ചെലവു കുറഞ്ഞതുമാണ് ബയോപോഡ്.ഒരു വലിയ പ്ലാസറ്റിക് ബക്കറ്റും ഒരു ചെറിയ ബക്കറ്റും ചെറിയ രണ്ട് പി.വി.സി പൈപ്പുകളുമാണ് നിർമ്മാണത്തിന് ആവശ്യം.വലിയ ബക്കറ്റിന്റെ മൂടിയിൽ ഒരു ടി പൈപ്പ് കടത്തി അതിനുള്ളിൽ പേപ്പർ സ്‌ട്രോ ചെറുതായി മുറിച്ച് ടേപ്പുകൊണ്ട് ഒട്ടിച്ച് വയ്ക്കും. ബക്കറ്റിനുളളിൽ വൃത്താകൃതിയിൽ പ്ലാസ്റ്റിക് പാത്തി ഘടിപ്പിക്കും. വലിയ ബക്കറ്റും ചെറിയ ബക്കറ്റും തമ്മിൽ പി.വി.സി പൈപ്പ് കൊണ്ട് ബന്ധിപ്പിക്കും. 10 പേരുള്ള കുടുംബശ്രീ യൂണിറ്റാണ് നിർമ്മാണം നടത്തുന്നത്.ഒരു ബയോപോഡിന് 600 രൂപ ചിലവാകും.
പ്രവർത്തനരീതി
വലിയ ബക്കറ്റിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കും. മാലിന്യം അഴുകിയ മണം പരക്കുമ്പോൾ അതിൽ അകൃഷ്ടരായി കാളീച്ചകൾ (ബ്ലാക്ക് സോൾജർ ഫ്ളൈ ) എത്തി ബക്കറ്റിന്റെ മൂടിയിൽ ഘടിപ്പിച്ചിരിക്കുന്ന പേപ്പർ സ്‌ട്രോയിൽ മുട്ടയിടും. മുട്ടവിരിഞ്ഞ് ലാർവയായി മാലിന്യത്തിൽ വീഴും. ഇവ മാലിന്യം ഭക്ഷിക്കും.ഒരു ഈച്ച 500 മുതൽ 900 വരെ മുട്ടയിടും.2000 ലാർവകൾ ഒരു കിലോഗ്രാം ജൈവമാലിന്യം ഒരു ദിവസം തിന്നുതീർക്കും. കാളീച്ചകൾക്ക് ലാർവ ഘട്ടത്തിൽ മാത്രമാണ് വായ് ഭാഗം ഉള്ളത്.അതുകൊണ്ടാണ് കാളീച്ചകൾ രോഗം പരത്താത്തത്.രണ്ടാമത്തെ ലാർവ ഘട്ടം രണ്ടാഴ്ചയാണ്.ഈ സമയത്താണ് മാലിന്യം തിന്നു തീർക്കുന്നത്.ബക്കറ്റിനുള്ളിൽ വൃത്താകൃതിയിൽ വെച്ചിട്ടുള്ള പ്ലാസ്റ്റിക് പൈപ്പിലൂടെ ലാർവകൾ മുകളിലേയ്ക്ക് കയറി ഇരുണ്ടതും വരണ്ടതുമായ സ്ഥലം തേടി നീങ്ങും.ഇവ ഓരോന്നായി ചെറിയ ബക്കറ്റിൽ വന്നുവീഴും. മൂന്നാം ഘട്ടം പ്യൂപ്പയാണ്. 9 ദിവസം വരെ ഇതിന്റെ സമാധിഘട്ടമാണ്. ഈ അവസ്ഥയിൽ ഇവയെ കോഴിക്കും മീനിനും തീറ്റയായി നൽകാം.
പ്രോട്ടീൻ പുഴുക്കൾ
കാളീച്ചയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പ്യൂപ്പയിൽ 40 ശതമാനം പ്രോട്ടീൻ,നാര് 8ശതമാനം,5 ശതമാനം കാത്സ്യം എന്നീ ക്രമത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പുഴുക്കളെ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. പലരാജ്യങ്ങളും ഇത് വ്യവസായികാടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഗുജറാത്ത്,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കിലോ ഗ്രാമിന് 50, 55 രൂപ പ്രകാരം മത്സ്യത്തീറ്റയായി പ്രോട്ടീൻ പുഴുക്കളെ വിൽക്കുന്നുണ്ട്.
''സി.ഡി.എസിന്റെ മുഖ്യ ചുമതലയിൽപദ്ധതി വിപുലമായി വ്യാവസായികാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം.ഉണക്കി സൂക്ഷിക്കുന്ന പുഴുക്കളെ പൊതുജനങ്ങളിൽ നിന്നും സി.ഡി.എസ് വിലയ്ക്ക് തിരിച്ചെടുത്ത് വിൽപ്പന നടത്തും.
ജെ.ജയലാൽ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.