
ആലപ്പുഴ: മില്ലുടമകളുടെ താത്പര്യക്കുറവ് കാരണം കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ നെല്ലു സംഭരണത്തിൽ ഇപ്പോഴും ചിത്രം അവ്യക്തം. നേരിട്ടെത്തി നെല്ലെടുക്കാൻ ഭൂരിഭാഗം മില്ലുകാരും മടിക്കുകയാണ്. ഇത് മറികടക്കാൻ സഹകരണ സംഘങ്ങളെ മുൻനിറുത്തി നെല്ലെടുപ്പിക്കാനുള്ള നീക്കങ്ങളാണ് സപ്ളൈകോ നടത്തുന്നത്. മന്ത്രി പി.തിലോത്തമൻ സംഘം പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്തു. 18 സംഘങ്ങൾ സംഭരണത്തിന് തയ്യാറായിട്ടുണ്ട്. 5700 ഓളം ഹെക്ടറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് നടക്കുന്നത്.
സംഭരണ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ കൊയ്ത്തും ഇഴഞ്ഞു തുടങ്ങി. വിളവെടുപ്പ് കഴിഞ്ഞ ചില പാടശേഖരങ്ങളിൽ സംഭരണം നടക്കാതെ നെല്ല് കൂടിക്കിടക്കുന്നുമുണ്ട്. വിളവെടുപ്പ് സമയത്ത് എത്തിയ മഴയും കർഷകരെ ആശങ്കയിലാക്കുന്നു.
സംഭരണസമയം വരെ നെല്ല് ആവർത്തിച്ച് ഉണക്കേണ്ടി വരുമ്പോൾ രണ്ടുവിധ നഷ്ടമാണ് കർഷകന് ഉണ്ടാവുക. ഉണക്കുകൂലി ഇനത്തിലുള്ള അധിക ചെലവും നെല്ലിന്റെ തൂക്കം കുറയുന്നതു മൂലമുള്ള വരുമാന നഷ്ടവും. മഴമൂലം നെല്ല് വീണുപോയ സ്ഥലങ്ങളിൽ കൊയ്ത്ത് യന്ത്രം ലഭ്യമായിട്ടും വിളവെടുപ്പ് തുടങ്ങാനായില്ല.തകഴി പോളപ്പാടത്ത് 135 ഏക്കറാണ് കൊയ്യാതെ കിടക്കുന്നത്. വെള്ളത്തിലായ പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ ഓപ്പറേറ്റർമാരും വിമുഖത കാട്ടുന്നു.
5700 : കുട്ടനാട്ടിൽ രണ്ടാംകൃഷി 5700 ഹെക്ടറിൽ
18 : സംഭരണത്തിന് തയ്യാറായത് 18 സഹ.സംഘങ്ങൾ
73 : സംഘങ്ങൾക്ക് ക്വിന്റലിന് ഹാൻഡിലിഗ് ചാർജ് 73രൂപ
ആകെ എത്തിയത് അഞ്ചു മില്ലുകൾ
രണ്ടാംകൃഷിയുടെ നെല്ലെടുക്കാൻ സജ്ജരായി ഇതേ വരെ എത്തിയത് അഞ്ച് മില്ലുകൾ മാത്രമാണ്. മില്ലുകാർ നെല്ലെടുക്കുന്നതിനോടാണ് കർഷകർക്ക് താത്പര്യം. കാരണം കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് കളത്തിൽ നിന്ന് നെല്ല് നീങ്ങും. എന്നാൽ ഈർപ്പത്തിന്റെ പേരിൽ തൂക്കത്തിൽ വലിയ കുറവ് വരുത്തുമെന്ന ആക്ഷേപവും ചില കർഷകർക്കുണ്ട്. പാലക്കാട്ട് സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് നെല്ലെടുപ്പിന് ഉണ്ടാക്കിയ ധാരണയാണ് കുട്ടനാട്ടിലും പ്രാവർത്തികമാക്കാൻ നോക്കുന്നത്. എന്നാൽ കുറെ വർഷം മുമ്പ് ഇത് ഇവിടെ പരീക്ഷിച്ച് പരാജയപ്പെട്ടത് ചില കർഷകരെങ്കിലും ഓർക്കുന്നു.
ഗോഡൗൺ മുഖ്യം
മിക്ക സഹകരണ സംഘങ്ങൾക്കും ഗോഡൗൺ സൗകര്യമില്ല.നെല്ല് സംഭരിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ നഷ്ടമാവും ഫലം. സർക്കാർ മുൻകൈയെടുത്ത് സംഘങ്ങളെ കളത്തിലിറക്കിയാൽ ഗോഡൗൺ സൗകര്യം ലഭ്യമാക്കുന്നതും സർക്കാരിന്റെ ചുമതലയാവും.ക്വിന്റലിന് 73 രൂപയാണ് സംഭരിക്കുന്ന സംഘങ്ങൾക്ക് ഹാൻഡിലിംഗ് ചാർജ്ജായി നൽകുന്നത്.മന്ത്രി പി തിലോത്തമൻ സംഘങ്ങളുമായി വിശദമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.
''കർഷകർക്ക് നഷ്ടം വരാത്ത വിധത്തിൽ നെല്ലുസംഭരണം പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് സപ്ളൈകോ