
ഹരിപ്പാട്: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ഏറെ വിവാദങ്ങൾക്ക് ഒടുവിൽ പ്രാവർത്തികമാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ നടത്തിപ്പ് താളം തെറ്റുന്നു. പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന മത്സ്യങ്ങൾ ന്യായവിലയ്ക്ക് സംഭരിക്കാർ സർക്കാർ, അർദ്ധ സർക്കാർ ഏജൻസികളില്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ ചൂഷണത്തിന് കർഷകർ ഇരയാകും. ഇതിന്റെ പേരിൽ പാടശേഖര സമിതികളും കർഷകരും തമ്മിൽ വാഗ്വാദങ്ങളുണ്ടായതോടെ പല പാടശേഖരങ്ങളിലും പദ്ധതി ഉപേക്ഷിച്ചു.
കുട്ടനാട്ടിലെ പാടങ്ങളിൽ വിളയുന്ന മത്സ്യങ്ങൾ സംഭരിച്ച് കൊണ്ടു പോകുന്നത് തൃശൂരിൽ നിന്നെത്തുന്ന സ്വകാര്യ ഏജൻസികളാണ്. കൂടുതൽ മത്സ്യങ്ങൾ ഉള്ളതിനാലും മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാലും പാടശേഖര സമിതികൾ സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിന് ഇരയാകും. ഇത് കുട്ടനാട് - അപ്പർകുട്ടനാടൻ മേഖലകളിലെ സ്ഥിരം കാഴ്ചയായിരുന്നു. വെള്ളപ്പൊക്ക കാലത്താകട്ടെ, അധികം മത്സ്യങ്ങളും ഒഴുകിപ്പോകും. ഇതോടെ മുടക്ക് മുതലിന്റെ പകുതി പോലും തിരികെ ലഭിക്കില്ല.
അപ്പർകുട്ടനാട്ടിലെ ഇരതോട്, ചെമ്പ്, വീയപുരം മുണ്ടുതോട് -പോളത്തുരുത്ത് , ചട്ടുകം , പ്രയാറ്റേരി , ദേവസ്വം വരമ്പിനകം, ചങ്ങംകരി, വടക്കേ പുതുക്കരി തുടങ്ങിയ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരുന്നു. എന്നാൽ പരീക്ഷണത്തിനിറങ്ങിയ ഒരു പാടശേഖരസമിതിയും രണ്ടാമത് മത്സ്യകൃഷിക്ക് തയ്യാറായില്ലെന്ന് കർഷകർ പറയുന്നു. മത്സ്യകൃഷി പരാജയത്തിൽ കലാശിച്ചതോടെ വൃക്തികൾ കുറഞ്ഞ രീതിയിൽ കൃഷി ചെയ്യുന്നത് മാത്രമാണ് പദ്ധതി ഉണ്ടെന്നതിന് തെളിവ്.
മത്സ്യ കൃഷിക്ക് 40 ശതമാനം സബ്സിഡി
പുഞ്ചകൃഷി വിളവെടുപ്പു കഴിഞ്ഞാണ് പാടശേഖരങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. അഡാക്കിന്റെ സഹായത്തോടെയുള്ള മത്സ്യകൃഷിക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. മത്സ്യക്കുഞ്ഞുങ്ങളെ പാടശേഖര സമിതികൾക്ക് കൈമാറുന്നതും അഡാക്ക് തന്നെയാണ്. വളർത്തു മത്സ്യങ്ങളായ രൂഹു, കട്ല , ഗ്രാസ് കാർപ്പ്, എന്നിവയാണ് വളർത്തുന്നത് . ആറ് മാസങ്ങൾക്ക് ശേഷം മത്സ്യങ്ങളുടെ വിളവെടുപ്പും നടക്കും
സംയോജിത കൃഷി
ഒരു നെല്ലും ഒരു മീനും പദ്ധതി കുട്ടനാട്ടിൽ താളം തെറ്റിയതോടെ സംയോജിത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്നും 3600 ഹെക്ടറിൽ സംയോജിത കൃഷി പ്രാവർത്തികമാക്കുമെന്നുമാണ് സർക്കാർ പ്രഖ്യാപനം.