s

ഹരിപ്പാട് : കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ ബാങ്കിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജ് (ഷൈജു-39), രണ്ടും മൂന്നും പ്രതികളായ ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒന്നാം പ്രതിയെ എട്ട് ദിവസവും, രണ്ടും മൂന്നും പ്രതികളെ ആറ് ദിവസവുമാണ് കസ്റ്റഡിയിൽ ലഭിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ആൽബിൻ രാജിനെയും ഷൈബുവിനെയും സി. ഐ ഫയാസിന്റെ നേതൃത്വത്തിൽ ബാങ്കിൽ എത്തിച്ചത്. ബാങ്കിന്റെ പിന്നിലൂടെ വേലി കടന്നു വന്നത് മുതൽ, പൂട്ട് തകർത്തതും, ഗ്യാസ് സിലണ്ടറുകൾ ഉള്ളിൽ എത്തിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതികൾ പൊലീസിനോട് വിവരിച്ചു. ആഗസ്റ്റ് 29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാത്രി സമയത്താണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിലെ ലോക്കർ മുറിച്ചത്. ഈ ദിവസങ്ങളിൽ വെളുപ്പിനെ പുറത്ത് കടന്നിരുന്നത് ബാങ്കിന്റെ ജനൽ അഴികൾ മുറിച്ചു മാറ്റി അത് വഴി ആയിരുന്നു.

ബാങ്കിൽ മോഷണത്തിനായി ഒന്നും രണ്ടും പ്രതികൾ മാത്രമാണ് പകുങ്കെടുത്തത്. മൂന്നാം പ്രതി പണം കടത്താനായി കൊല്ലത്ത് നിന്നും വാഹനം മോഷ്ടിച്ച കേസിലും, ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാൻ അടൂരിൽ നിന്നും സിലണ്ടർ മോഷ്ടിക്കുകയും ചെയ്തത് ഉൾപ്പടെ ഉള്ള സംഭവത്തിലാണ് പങ്കാളിയായത്. ഇയാൾക്കും മോഷണ മുതൽ വീതം വെച്ചിരുന്നു. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. ഇതുവരെ 1.850 കിലോ ഗ്രാം സ്വർണമാണ് ആൽബിൻ രാജിൽ നിന്നും കണ്ടെടുത്തത്. ഷൈബു തുരുവനന്തപുരത്ത് കടയിൽ വിറ്റ ഒന്നരകിലോ സ്വർണം തെളിവെടുപ്പ് സമയത്ത് കണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ ബാങ്കിലെത്തിച്ചപ്പോൾ വൻ ജനാവലിയാണ് കാണാനായി എത്തിയത്. മത്സ്യക്കച്ചവടം നടത്തിവന്നിരുന്ന രണ്ടാം പ്രതി ഷൈബു നാട്ടുകാർക്ക് സുപരിചിതനാണ്. അഞ്ച് മണിയോടെ എത്തിയ പൊലീസ് സംഘം അര മണിക്കൂറോളം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി.