
തുറവൂർ: ചാവടി - പള്ളിത്തോട് തീരദേശ റോഡിലെ ടൈൽ വിരിച്ച പുതിയ നടപ്പാത തകർന്നു. പള്ളിക്കച്ചിറ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച നടപ്പാതയാണ് ടിപ്പർ ലോറിയിൽ നിന്നും കരിങ്കൽലോഡ് ഇറക്കിയതിനെ തുടർന്ന് പൂർണ്ണമായി തകർന്നത്. മൂലേക്കളം പാലം നിർമ്മാണത്തിനോടനുബന്ധിച്ച് പൊളിച്ചാലിന്റെ ഇരുവശവും കല്ലുകെട്ടാനാണ് കരിങ്കൽ ലോഡ് ഇറക്കിയത്. കരിനിലങ്ങളുടെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന റോഡിൽ, ചിതറി കിടക്കുന്ന ടൈൽ അവശിഷ്ടങ്ങൾ കാൽനടയാത്രികർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാണ്. നടപ്പാത തകർത്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുവാനും, നടപ്പാത പുനർനിർമ്മിക്കുവാനും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.