a

മാവേലിക്കര : മാവേലിക്കര നഗരത്തിലും പരിസരപഞ്ചായത്തുകളിലും കാൽനടയായി സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക. ഏതു നിമിഷവും ഒരു തെരുവു നായ ചാടി വീണേക്കാം. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ. കഴിഞ്ഞ ദിവസം മാഞ്ഞാടി ഭാഗത്ത് കാൽനടയാത്രക്കാരന് നേരേ പട്ടാപ്പകൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത് ജനങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നു.ഇരുചക്ര വാഹനയാത്രക്കാരും നായ്ക്കൾ കാരണം അപകടത്തിൽപ്പെടുന്നു.

വളർത്തു മൃഗങ്ങളെയും ഈ നായ്ക്കൂട്ടം വെറുതെ വിടാറില്ല. നിരവധി പേരുടെ വളർത്തു മൃഗങ്ങളെയാണ് കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഇവ കൊന്നു തിന്നത്.

ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം മാവേലിക്കര മൃഗാശുപത്രിയിൽ നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിലുള്ള രണ്ടാമത് കേന്ദ്രമാണ് മാവേലിക്കരയിലേത്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലേയും ഹരിപ്പാട് നഗരത്തിലേയും അടക്കം നായ്ക്കളെ മാവേലിക്കരയിലാണ് വന്ധ്യംകരിക്കുന്നത്. എന്നിട്ടും തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രണവിധേയമാക്കാൻ കഴിയാത്തത് അധികൃതരെ ആശങ്കാകുലരാക്കുന്നു.

പുതിയകാവ് മാർക്കറ്റ് ജംഗ്ഷൻ, ജില്ലാ ആശുപത്രി, കരയാംവട്ടം, തഴക്കര, പ്രായിക്കര, നടയ്ക്കാവ്, മിച്ചൽ ജംഗ്ഷൻ, കണ്ടിയൂർ, പുന്നംമൂട്, പല്ലാരിമംഗലം, കരിപ്പുഴ, കുറത്തികാട്, കോടതി ജംഗ്ഷൻ, കല്ലുമല ഭാഗങ്ങളിലാണ് തെരുവുനായകളുടെ ശല്യം ഏറ്റവും കൂടുതൽ.

ജില്ലാ ആശുപത്രി താവളം

ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടം മുതൽ തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ഒരു വാഹനം ആശുപത്രിയിലേക്ക് പ്രവേശിച്ചാൽ ഇവ കുരച്ചുകൊണ്ട് കൂടെക്കൂടും. വാഹനം നിറുത്തി പുറത്തിറങ്ങുമ്പോൾ ആക്രമിക്കാനൊരുങ്ങും. നായ്ക്കൾ ദൂരെപ്പോയി എന്ന് ഉറപ്പാക്കിയിട്ടേ എല്ലാവരും ഇവിടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാറുള്ളൂ. പ്രസവവാർഡിൽ പോലും ഭീതിയോടെയാണ് ഗർഭിണികളും കൂട്ടിരിപ്പുകാരും കഴിയുന്നത്. ആശുപത്രിയിൽ എവിടേയും പടിയിൽ കാണും ഒന്നും രണ്ടും തെരുവ് നായ്ക്കൾ.ജില്ലാ ആശുപത്രിയുടെ പിൻവശത്തെ കാടുകയറിയ ഭാഗമാണ് തെരുവ് നായ്ക്കളുടെ 'പ്രസവ വാർഡ്". നായ്ക്കളുടെ ആക്രമണം ഭയന്ന് ആരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.

വളർത്തുനായ്ക്കൾക്ക്

തിരിച്ചറിയൽ രേഖ

വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ വ്യക്തമായ കണക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കണമെന്നാവശ്യമുയരുന്നു. ഉടമസ്ഥനെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ടാഗ് വളർത്തു നായ്ക്കളെ ധരിപ്പിക്കണമെന്ന നിർദ്ദേശം കർശനമാക്കണം. ഇങ്ങനെ ചെയ്താൽ തെരുവ് നായ്ക്കൾക്ക് ഒപ്പം കൂടുന്ന വളർത്തുനായയെ ഉടമസ്ഥന് തിരിച്ച് കൈമാറാൻ കഴിയും.

വളർത്തുനായകളും തെരുവിൽ

കഴിഞ്ഞ രണ്ട് വർഷമായി നഗരസഭയിൽ തെരുവുനായ്ക്കൾക്ക് വന്ധ്യംകരണം നടത്തുന്നതിനാൽ നായ്ക്കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ വലിയ നായ്ക്കളുടെ എണ്ണം വർദ്ധിച്ചു. വളർത്തുനായ്ക്കൾ തെരുവിലേക്കെത്തുന്നതാണ് ഇതിനു കാരണം. ഒരിക്കൽ തെരുവ് നായ്ക്കൾക്ക് ഒപ്പം പോകുന്ന വളർത്തുനായ്ക്കളെ തിരിച്ച് വീട്ടിലെത്തിക്കാൻ ഉടമസ്ഥർ മടികാണിക്കാറുണ്ട്. നഗരത്തിലെ വളർത്തുനായ്ക്കൾക്ക് ലൈസൻസ് സമ്പ്രദായം നിർബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് ഇത് നടപ്പിലാക്കുന്നതിൽ നഗരസഭ അധികാരികൾ വീഴ്ച വരുത്തി

എസ്.രാജേഷ്, നഗരസഭ, പ്രതിപക്ഷ നേതാവ്.

നായ്ക്കളെ നിയന്ത്രിക്കാൻ പദ്ധതി വേണം

നായ്ക്കളുടെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ ഭരണകാലത്ത് രണ്ടുതവണയായി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള ഭരണസമിതിക്ക് തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കെ.ആർ മുരളീധരൻ, മുൻ.നഗരസഭ ചെയർമാൻ

ഇടം നൽകിയത് കുരുക്കായി

ആനിമൽ ബർത്ത് കൺട്രോൾ പ്രാഗ്രാം അനുസരിച്ച് മാവേലിക്കര മൃഗാശുപത്രിയിലാണ് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്താൻ കൊണ്ടുവരുന്നത്. പദ്ധതി പ്രകാരം ഇവയെ പിടിച്ച സ്ഥലത്ത് കൊണ്ട് വിടണമെന്നാണ് വ്യവസ്ഥയെങ്കിലും കൊണ്ടുവരുന്നവർ ആശുപത്രിക്ക് സമീപത്ത് തന്നെ ഉപേക്ഷിച്ച് മടങ്ങുന്ന അവസ്ഥയുണ്ട്. ഇതാണ് നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം.

ലീലാ അഭിലാഷ്, നഗരസഭ ചെയർപേഴ്സൺ