
അമ്പലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളും ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും. കൊവിഡ് രോഗികൾ 400 ന് അടുത്തെത്തിയതോടെ ചേർന്ന ജനപ്രതിനിധികളുടേയും, ആരോഗ്യ പ്രവർത്തകരുടേയും യോഗത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച മുതൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റ് സോണാണ്.
ഇന്ന് മുതൽ ദേശീയ പാതയിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചിടും.പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ ഇരു ഭാഗത്തേക്കും ചെക്ക് പോസ്റ്റുകൾ ഉണ്ടാകും. മതിയായ കാരണം ബോധിപ്പിക്കുന്നവരെ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും, പൊതുവിതരണ സ്ഥാപനങ്ങളും ഉച്ചക്ക് 2 വരെ പ്രവർത്തിക്കും. ദേശീയപാതയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും കിഴക്കുഭാഗത്തേക്കുമുള്ള റോഡുകൾ ഈ മാസം 30 വരെ അടച്ചിടാനാണ് ഇപ്പോഴത്തെ തീരുമാനം.