
മാന്നാർ: കുടൽ സംബന്ധമായ അപൂർവ രോഗം ബാധിച്ച വീട്ടമ്മ ജീവൻ നിലനിറുത്താൻ സുമനസുകളുടെ സഹായം തേടുന്നു. മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ രാജഭവനത്തിൽ രാജന്റെ ഭാര്യ തുളസി രാജൻ (51)ആണ് കുടൽ സംബന്ധമായ എസ്.എം.എ ത്രോമ്പോസിസ് എന്ന രോഗം പിടിപെട്ട് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിനകം മൂന്ന് ശസ്ത്രക്രിയകൾക്കുൾപ്പെടെ പത്ത് ലക്ഷത്തോളം രൂപ ചെലവായി. തുടർചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സെപ്തംബർ മാസത്തിൽ വയറുവേദനയോടെ ആണ് അസുഖത്തിന്റെ ആരംഭം. പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് രോഗം കണ്ടെത്തിയത്. പിന്നീട് അമൃത ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ ഭർത്താവ് രാജൻ സുഖമില്ലാതെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് ആൺമക്കൾ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റി വന്നിരുന്നത്. എന്നാൽ തുളസി ആശുപത്രിയിൽ ആയതിനു ശേഷം ഇവർക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. കൈയിലുണ്ടായിരുന്നതു മുഴുവൻ മുടക്കിയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഉദാരമതികളുടെ സഹായമുണ്ടായാലേ ഇനി ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇതിനായി മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ഇന്ദിര ഹരിദാസ് കൺവീനറായും മുൻ ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ ശ്രദ്ധേയം ചെയർമാനായും ഒരു ചികിത്സാസഹായ സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. യൂണിയൻ ബാങ്ക് മാന്നാർ ശാഖയിൽ മരുമകൾ ലക്ഷ്മിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ :553502010005793.IFSC : UBIN0555355