s

പുന്നപ്ര-വയലാർ വാരാചരണ പരിപാടികൾ കൊവിഡ് നിയന്ത്രണ പ്രകാരം

ആലപ്പുഴ:സംസ്ഥാനത്ത് തൊഴിലാളി വർഗ സമര ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമായ പുന്നപ്ര -വയലാർ സമരത്തിന്റെ 74-ാം വാർഷിക വാരാചരണത്തിന് കൊവിഡ് നിയന്ത്രണങ്ങൾകാരണം ജനപങ്കാളിത്തം കുറച്ചു. ഒരാഴ്ച നീളുന്ന പരിപാടികളിൽ കർശന നിയന്ത്രണം പാലിക്കേണ്ടതിനാൽ വൈകുന്നേരങ്ങളിലെ പൊതുയോഗങ്ങൾ ഒഴിവാക്കാൻ സി.പി.എമ്മും സി.പി.ഐയും തീരുമാനിച്ചിരുന്നു.

പുന്നപ്ര ദിനമായ നാളെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പ്രദേശത്തെ ജനങ്ങൾ അഞ്ചു പേർ വീതമെത്തി പുഷ്പാർച്ചന നടത്തും. പുന്നപ്ര വാരാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിലും പുഷ്പാർച്ചന ഉണ്ടാവും. മേനാശേരിദിനമായ 25 ന് മേനാശേരിയിലെ രക്തസാക്ഷി മണ്ഡപത്തിലും മാരാരിക്കുളം ദിനമായ 26 ന് മാരാരിക്കുളത്തെ രക്ത സാക്ഷി മണ്ഡപത്തിലും പ്രദേശത്തെ ജനങ്ങൾ പുഷ്പാർച്ചന നടത്തും. ഈ ദിവസങ്ങളിൽ വാർഡുകളിലും പുഷ്പാർച്ചന നടക്കും.
വയലാർ ദിനമായ 27 ന് വലിയ ചുടുകാട്ടിൽ നിന്നും രാവിലെ 7.15ന് അഞ്ചുപേർ വീതമുള്ള റിലേയായി ദീപശിഖ വയലാർരക്തസാക്ഷി മണ്ഡപത്തിലേക്ക് കൊണ്ടുപോകും. മേനാശേരിയിൽ നിന്നുള്ള ദീപശിഖയും ഇതേ സമയം അഞ്ചുപേർ വീതമുള്ള റിലേയായി വയലാറിൽ എത്തിക്കും. പകൽ 11ന് ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുള്ളവർ അഞ്ചുപേർ വീതം പുഷ്പാപാർച്ചന നടത്തും. വൈകിട്ട് നേതാക്കൾ ഓൺലൈനിലൂടെ പ്രസംഗങ്ങൾ നടത്തും.